കോഴിക്കോട് നാദാപരുത്തിനടുത്ത് വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിക്കടുത്ത് കഴിഞ്ഞ ദിവസമാണ് പെണ്ണുകാണാന്‍ വന്നവര്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതിയുയര്‍ന്നത്. ബോധം കെട്ടുവീണ യുവതിക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ അരിശം പൂണ്ട് സംഘത്തിലെ പുരുഷന്മാരെ ബന്ദിയാക്കി. അവരുടെ വാഹനം തടഞ്ഞുവെച്ചു.

വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് വാണിമേലില്‍ പെണ്ണ് കാണാനെത്തിയത്. യുവാവ് ഖത്തറിലാണ്. രണ്ടുദിവസം മുമ്ബ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. ഇവര്‍ക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീകള്‍ ഒന്നിച്ച്‌ മുറിയില്‍ കയറി യുവതിയുമായി സംസാരിച്ചു. ബിരുദ വിദ്യാര്‍ത്ഥിയായ യുവതിയെ കതകടച്ചാണ് ഒരു മണിക്കൂറിലധികം ‘ഇന്റര്‍വ്യൂവിന്’ വിധേയയാക്കിയത്. പാതി അശ്ളീലമായ ചോദ്യങ്ങളാണ് ഇവര്‍ ഏറെയും ചോദിച്ചതത്രേ. ‘വിവാഹത്തിന് മുമ്ബ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ഞങ്ങള്‍ക്ക് ഒന്ന് പരിശോധിക്കണം’ എന്നൊക്കെ ഒരു സ്ത്രീ പറഞ്ഞപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിക്കയായിരുന്നു. ബ്രായുടെയും അടിവസ്ത്രങ്ങളുടെയും അളവുചോദിച്ചും ഇവര്‍ ഡബിള്‍ മീനിങ്ങുള്ള തമാശകള്‍ പറഞ്ഞു. ശക്തമായ ബോഡി ഷെമിങ്ങും ഇവരുടെ ഭാഗത്തുനിന്നുണ്ടായി. യുവതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാനും ഇവര്‍ തുനിഞ്ഞു.

എന്നാല്‍ അപ്പോഴും ഒരു ബന്ധം തകരേണ്ട എന്ന് വിചാരിച്ച്‌ പെണ്‍വീട്ടുകാര്‍ എല്ലാം സഹിച്ച്‌ നില്‍ക്കയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഇവര്‍ കുറ്റം പറഞ്ഞുകൊണ്ടുതന്നെ മൂക്കറ്റം തിന്നു. ഇതിനുശേഷം കല്യാണച്ചെക്കന്റെ ബന്ധുക്കള്‍ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞു. ബന്ധുക്കള്‍ മുറിയില്‍ കയറിനോക്കിയപ്പോള്‍ റാഗിങ്ങ് താങ്ങാന്‍ കഴിയാതെ തളര്‍ന്നുകടിക്കുന്ന യുവതിയെയാണ് കണ്ടത്. ഇതോടെയാണ് പെണ്‍വീട്ടുകാരുടെ സകല നിയന്ത്രണവും പോയത്. ഇതോടെ ഗൃഹനാഥന്‍ സംഘത്തിലുള്ളവര്‍ക്കെതിരേ രംഗത്തെത്തി. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു. ഇത്രും മര്യാദയില്ലാതെ പെരുമാറിയ നിങ്ങളെ റാഗിങ്ങ് എന്താണെന്ന് ഞങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് നാട്ടുകാരും ഒപ്പം കൂടി.

പെണ്‍കുട്ടിയോട് ചോദിച്ച അതേ മോഡലില്‍ നാട്ടുകാര്‍ സംഘത്തിലെ സ്ത്രീകളെ ചോദ്യം ചെയ്തതോടെ അവരും കരച്ചിലിന്റെ വക്കിലെത്തി. ഇതോടെ നാട്ടുകാര്‍ സ്ത്രീകളെ മാത്രം വിട്ടയച്ചു. ഒപ്പമുണ്ടായിരുന്നു രണ്ടു പുരുഷന്മാരെ രണ്ടു മണിക്കൂറോളം വീട്ടില്‍ ബന്ദിയാക്കി. സംഘമെത്തിയ കാറുകളില്‍ ഒന്ന് വിട്ടുകൊടുത്തില്ല. ഒടുവില്‍ സിപിഎം പ്രാദേശിക നേതാക്കാള്‍ രംഗത്തിറങ്ങിയാണ് പ്രശ്നം ശാന്തമാക്കിയത്. യുവതി പിന്നീട് ആശുപത്രിയില്‍ ചികിത്സതേടി. പെണ്ണുകാണല്‍ ചടങ്ങിന്റെ പേരില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നതെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ വിശദീകരണം. ഇദ്ദേഹവും പ്രവാസിയാണ്.

എന്നാല്‍ ഇത്തരം പെണ്ണുകാണല്‍ റാഗിംങ്ങുകള്‍ വടകര നാദാപുരം തലശ്ശേരി മേഖലില്‍ വ്യാപകമാവുകയാണെന്നും മുളയിലേ നുള്ളിയില്ലെങ്കില്‍ ഇത് മറ്റൊരു വിവാഹ റാഗിങ്ങ് പോലെയാവുമെന്നുമാണ്, ജനമൈത്രി പൊലീസും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക