തിരുവനന്തപുരം: പുതിയ കെപിസിസി അദ്ധ്യക്ഷന്റെ ഗ്രൂപ്പിസം ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഗ്രൂപ്പ് കളിക്ക് തുടക്കം. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പോലും ഉമ്മൻ ചാണ്ടിയേയും ,രമേശ് ചെന്നിത്തലയേയും അവഗണിച്ചുവെന്നാരോപിച്ചാണ് എ, ഐ ഗ്രൂപ്പുകൾ കലാപക്കൊടി ഉയർത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യക്ഷനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരെയുമെല്ലാം ഹൈക്കമാന്റ് ഏകപക്ഷീയമായി തീരുമാനിച്ചു എന്ന വികാരം ശക്തമാകുകയാണ്.

കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിലുള്ള തീരുമാനവും ഹൈക്കമാന്റ് സ്വന്തം നിലയില്‍ തന്നെ എടുക്കുകയായിരുന്നു എന്നും അഭിപ്രായം തേടിയത് പേരിന് മാത്രമാണെന്നും ഐ ഗ്രൂപ്പിന് വിമര്‍​ശനമുണ്ട്.

പ്രതിപക്ഷ നേതാവിന് പുറമേ കെപിസിസി അദ്ധ്യക്ഷനും കയ്യില്‍ നിന്നും പോയതോടെ എ ഗ്രൂപ്പ് നേരത്തേ തന്നെ ഇടഞ്ഞു നില്‍ക്കുകയാണ്. കെ. സുധാകരന്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന ചിലരുടെ ചിന്ത അസ്ഥാനത്താകുമെന്നാണ് എ ഗ്രൂപ്പ് കരുതുന്നത്.

ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കേന്ദ്ര നേതൃത്വം അവഗണിക്കുന്നു വെന്നാണ് ഗ്രൂപ്പുകളുടെ പരാതി. പ്രസിഡന്റിനെക്കുറിച്ച്‌ അഭിപ്രായം ചോദിച്ചപ്പോള്‍ ആരുടേയും പേരുകള്‍ പ്രത്യേകിച്ച്‌ ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ നിര്‍ദേശിച്ചില്ല. പകരം ഹൈക്കമാന്റിന്റെ താല്‍പ്പര്യത്തിന് വിടുകയായിരുന്നു. സുധാകരന്റെ പേര് ധാരണപ്പെടുത്തി വെച്ചിരിക്കെ അഭിപ്രായം പറയുന്നതില്‍ യുക്തിയി​ല്ല എന്ന നിലപാടിലായിരുന്നു രണ്ടുപേരും. ഗ്രൂപ്പുകള്‍ക്കതീതമായി തന്നെയാണ് മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചതെങ്കിലും വര്‍ക്കിംഗ് പ്രസിഡന്റു മാരുടെ കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞിരുന്നേല്‍ പറയാന്‍ പേരുകള്‍ ഇരുവര്‍ക്കും ഉണ്ടായിരുന്നു താനും.

വര്‍ക്കിങ് പ്രസിഡന്റുമാര്‍ എ ഗ്രൂപ്പിന്റെ ഭാഗമാണ് എന്നത് ഐ ഗ്രൂപ്പിനെ അസ്വസ്ഥതപ്പെടുത്തുന്ന മറ്റൊരു കാര്യം. ടി. സിദ്ദിഖ് എ ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും പ്രതിപക്ഷനേതാവിന്റെ നിയമനത്തില്‍ അദ്ദേഹം സ്വതന്ത്ര നിലപാടെടുത്തിരുന്നു. പി.ടി. തോമസും കൊടിക്കുന്നില്‍ സുരേഷും എ ഗ്രൂപ്പില്‍ നിന്നും അകന്നവരാണ്. .ഹൈക്കമാന്റ് വര്‍ക്കിംഗ് പ്രസിഡന്റുമാരെ തീരുമാനം എടുത്തപ്പോള്‍ ഐ ഗ്രൂപ്പിലെ പ്രധാന നേതാക്കളോടു ആലോചിച്ചില്ലെന്നും അഭിപ്രായമുണ്ട്. ഇക്കാര്യത്തില്‍ പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനത്തിലും കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി. സതീശനും അടങ്ങുന്ന അച്ചുതണ്ടാണ് കാര്യങ്ങള്‍ നിയന്ത്രിച്ചതെന്ന വിശ്വാസമാണ് ഗ്രൂപ്പുകള്‍ പുലര്‍ത്തുന്നത്. ഗ്രൂപ്പുകളുടെ വാദങ്ങളെ തള്ളി രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ശക്തമായ നിലപാടാണ് കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരനെ കൊണ്ടുവന്നതിന് പിന്നില്‍ എന്നാണ് വിവരം. അദ്ധ്യക്ഷ സ്ഥാനത്തേക്ക പേരുകള്‍ ഉയര്‍ന്നുവന്നവര്‍ എന്ന നിലയിലാണ് കൊടിക്കുന്നില്‍ സുരേഷിനെയും പി.ടി. തോമസിനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരാക്കിയത്.

കെപിസിസി പ്രസിഡന്റ്, വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ തുടങ്ങിയ പദവികളില്‍ കാര്യങ്ങള്‍ കൈവിട്ടു പോയെങ്കിലും പുന:സംഘടനയില്‍ പിടിക്കാനുള്ള ചരടുവലികള്‍ ശക്തമാക്കുകയാണ് ഗ്രൂപ്പുകള്‍. കെ.പി.സി.സി., ഡി.സി.സി. പുനഃസംഘടനയില്‍ അഭിപ്രായം പറയാനിരിക്കുകയാണ് ഇവര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക