ഉമ്മൻ ചാണ്ടി മരിച്ചതോടെ എ ഗ്രൂപ്പ് ഇല്ലാതായെന്ന് കോണ്‍ഗ്രസ് രാഷ്‌ട്രീയ കാര്യസമിതി ചെയര്‍മാനും സീനിയര്‍ നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിപ്പിച്ചത് എ.ഐ ഗ്രൂപ്പ് കളിയാണ്. സി.പി.എം തുടര്‍ഭരണത്തിനും ഇതാണ് വഴിയൊരുക്കിയത്. ഇനിയെങ്കിലും ഗ്രൂപ്പുകളി നിറുത്തണം. ഇത് തുടര്‍ന്നാല്‍ അവസാന ബസും പോകുമെന്നും കോണ്‍ഗ്രസ് ശക്തി ക്ഷയിച്ച്‌ ഇല്ലാതാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പാർട്ടിയെ ക്ഷീണിപ്പിക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് തന്നെയാണ് ഉമ്മൻചാണ്ടിയും ആഗ്രഹിച്ചത് എന്നും തിരുവഞ്ചൂർ വ്യക്തമാക്കി. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് തിരുവഞ്ചൂർ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലരും ഇപ്പോഴും എ-ഐ ഗ്രൂപ്പ് നേതാക്കളാണെന്നാണല്ലോ സ്വയം അവകാശപ്പെടുന്നത്?

കെ.കരുണാകരൻ കോണ്‍ഗ്രസ് വിട്ടു ഡി.ഐ.സി (കെ) രൂപീകരിച്ചതോടെ ഐ ഗ്രൂപ്പ് ഇല്ലാതായി. കരുണാകരൻ തിരിച്ചു കോണ്‍ഗ്രസിലെത്തിയെങ്കിലും കാലശേഷം ഐ ഗ്രൂപ്പ് വീണ്ടും ഇല്ലാതായി. രണ്ടുപേര്‍ മാറിയിരുന്ന് ചായ കുടിച്ചിട്ട് തങ്ങള്‍ എ- ഐഗ്രൂപ്പുകാരാണെന്ന് പറഞ്ഞാല്‍ സമ്മതിച്ച്‌ കൊടുക്കാനാകുമോ? ചില സ്ഥാപിത താത്പര്യക്കാരാണ് തങ്ങളുടെ കാര്യസാദ്ധ്യത്തിന് വേണ്ടി ഇപ്പോഴും ഗ്രൂപ്പ് രാഷ്ടീയം കളിക്കുന്നത്. കോണ്‍ഗ്രസിനെ ഇനിയും കീറിമുറിക്കാൻ സാദ്ധ്യമല്ല. അതിന് ശ്രമിച്ചാല്‍ കോണ്‍ഗ്രസ് നാമാവശേഷമാകും.

ഉമ്മൻചാണ്ടി എ ഗ്രൂപ്പ് നേതാവായിരുന്നില്ലേ ?

ആന്റണിയായിരുന്നു പഴയ എ ഗ്രൂപ്പ് നേതാവായി അറിയപ്പെട്ടിരുന്നത്. അദ്ദേഹം കേരള രാഷ്ടീയത്തില്‍ ഇടപെടാതെ വന്നതോടെ ഉമ്മൻചാണ്ടിക്ക് എ ഗ്രൂപ്പ് നേതൃത്വത്തിന്റെ പിന്തുടര്‍ച്ച ചിലര്‍ ചാര്‍ത്തിക്കൊടുത്തതാണ്. പാർട്ടിയെ ക്ഷീണിപ്പിക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് തന്നെയാണ് ഉമ്മൻചാണ്ടിയും ആഗ്രഹിച്ചത്. അദ്ദേഹത്തിന്റെ കാലശേഷം ചിലര്‍ സ്വയം എ ഗ്രൂപ്പ് നേതാക്കളായി ചമയാൻ മത്സരിക്കുകയാണ്.

പേര് സൂചിപ്പിക്കാമോ ?

അത് എന്നെക്കൊണ്ട് പറയിക്കാൻ നോക്കേണ്ട. ആരൊക്കെയെന്ന് എല്ലാവര്‍ക്കുമറിയാം. ഉമ്മൻചാണ്ടി മരിച്ചതോടെ എ ഗ്രൂപ്പ് ഇല്ലാതായി. ഇനി ഞങ്ങളാണ് എ ഗ്രൂപ്പിനെ നയിക്കുന്നതെന്ന് സ്വയം അവകാശപ്പെടുന്നവരെക്കുറിച്ച്‌ ഞാൻ എന്തു പറയാൻ. അവരെ ആര് അംഗീകരിക്കാൻ.

ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയെന്നാണല്ലോ ചിലരുടെ അവകാശവാദം ?

അരനൂറ്റാണ്ടായി പലരും ഗ്രൂപ്പ് രാഷ്‌ട്രീയം കളിച്ചിട്ട് ചില നേതാക്കള്‍ക്കല്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്തു നേട്ടമുണ്ടായി. ഇരുഗ്രൂപ്പിലും പെടാതെ നിഷ്‌പക്ഷരായി നിന്ന എത്ര മിടുക്കന്മാര്‍ സൈഡ് ലൈൻ ചെയ്യപ്പെട്ടു. അവസരം നിഷേധിക്കപ്പെട്ടു. ഗ്രൂപ്പ് രാഷ്‌ട്രീയം ചവിട്ടു പടിയാക്കിയവര്‍ മുകളിലേക്ക് ഉയര്‍ത്തപ്പെട്ടു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച പലരും മനസ് മടുത്ത് കോണ്‍ഗ്രസ് വിട്ടുപോയി. ചിലര്‍ രാഷ്‌ട്രീയമേ ഉപേക്ഷിച്ചു. ഇത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയെന്ന് പറയാൻ കഴിയുമോ?

ഗ്രൂപ്പ് കളിച്ചിട്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടിയില്ലേ ?

ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പായതിനാല്‍ പല ഘടകങ്ങള്‍ സ്വാധീനിക്കും. യു.പി.എ അധികാരത്തില്‍ വരുമെന്നുള്ള പ്രതീക്ഷയും ഉണ്ടായിരുന്നു. അതിനിയും ആവര്‍ത്തിക്കണമെന്നില്ല. കരുണാകരനും ഉമ്മൻചാണ്ടിയും ഇപ്പോഴില്ല. ഇനിയും ഗ്രൂപ്പ് കളിച്ചു കോണ്‍ഗ്രസിനെ ഇല്ലാതാക്കാൻ ആരും നോക്കരുതെന്നാണ് സീനിയര്‍ നേതാവെന്ന നിലയില്‍ എന്റെ അപേക്ഷ. കേരളത്തില്‍ മുന്നണി ഭരണമാണുള്ളത്. ഇരുമുന്നണിയിലെയും പ്രബല പാര്‍ട്ടികള്‍ കോണ്‍ഗ്രസും സി.പി.എമ്മുമാണ്.

ഓരോ തിരഞ്ഞെടുപ്പിലും ഇരുമുന്നണിക്കും മാറിമാറിയായിരുന്നു ഇവിടെ ഭരണം ലഭിച്ചത്. മാറ്റം വന്നത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് . അതിനൊരു കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ്. അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്നു. ഇനിയും ഗ്രൂപ്പ് കളിച്ച്‌ സീറ്റ് വീതം വയ്ക്കല്‍ നടത്താതെ പ്രസ്ഥാനത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുന്ന ജനസമ്മതരായവരെ സ്ഥാനാര്‍ത്ഥികളാക്കി കേരളത്തില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം സീറ്റ് നേടാനാണ് ശ്രമിക്കേണ്ടത്.

തിരുവഞ്ചൂര്‍ എ ഗ്രൂപ്പ് വിട്ട് ഔദ്യോഗിക ഗ്രൂപ്പിലായെന്ന പ്രചാരണമുണ്ടല്ലോ ?

ഉമ്മൻചാണ്ടി ക്ഷീണിതനായതോടെ എ ഗ്രൂപ്പ് വിട്ട് ഞാൻ ഔദ്യോഗിക വിഭാഗത്തോട് ചേര്‍ന്നെന്ന് ചിലര്‍ നടത്തുന്ന പ്രചാരണത്തിന് മറുപടിയില്ല. തുടര്‍ച്ചയായി ഏഴുതവണ ജയിച്ച്‌ മുപ്പത്തിമൂന്നര വര്‍ഷമായി നിയമസഭാംഗമായി തുടരുന്ന സീനിയര്‍ നേതാവാണ് ഞാൻ. കോണ്‍ഗ്രസിനെ വെട്ടിമുറിച്ച്‌ ഗ്രൂപ്പ് കളിക്കാൻ എന്നെ കിട്ടില്ല. യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായി നില്‍ക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക