കോട്ടയം: ഉരുള്‍പൊട്ടലില്‍ (Landslide) നിന്ന് രക്ഷപ്പെട്ടതിന്റെ 99ാം നാള്‍ യുവാവ് വാഹനാപകടത്തില്‍ (Accident) മരിച്ചു. ദേശീയപാതയില്‍ നിര്‍മലാരാം ജംഗ്ഷനില്‍ അമിതവേഗത്തിലെത്തിയ ലോറിയിടിച്ചാണ് ബൈക്ക് യാത്രികനായ ഇളംകാട് മുക്കുളം തേവര്‍കുന്നേല്‍ ബിജുവിന്റെ മകന്‍ അനന്തു (21) മരിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ഇളംകാട്ടെ ഉരുള്‍പൊട്ടലില്‍ അനന്തുവിന്റെ വീട് തകര്‍ന്നെങ്കിലും ബിജുവും കുടുംബാംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

ഇന്നലെ രാവിലെ എട്ടിനാണ് അപകടം. ബൈക്കില്‍ പാലായിലെ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു അനന്തു. ഗ്യാസ് സിലിണ്ടറുകളുമായി മുണ്ടക്കയം ഭാഗത്തേക്കു പോയ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. കര്‍ണാടകയില്‍ ടാപ്പിങ് തൊഴിലാളിയായ പിതാവ് ബിജുവും തൊഴിലുറപ്പ് ജോലികള്‍ക്ക് പോകുന്ന അമ്മ രാധയും അനന്തുവും ഉള്‍പ്പെടുന്ന കുടുംബം ഉരുല്‍പൊട്ടല്‍ തട്ടിയെടുത്ത ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ദുരന്തത്തില്‍ വീട് നഷ്ടമായ ബിജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആയുര്‍വേദ നഴ്സിങ് പഠിച്ച അനന്തുവിന് ഗോവയില്‍ ആയിരുന്നു ജോലി. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായി. തിരികെ നാട്ടിലെത്തി കെട്ടിടനിര്‍മാണ ജോലികള്‍ ചെയ്തുവരികയായിരുന്നു. അടുത്ത മാസം ഒന്നിന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് ചേരാനിരിക്കെയാണ് അപകടം. തൊടുപുഴ സ്വദേശിയായ ലോറി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടര്‍ വാഹന വകുപ്പിനോട് ശുപാര്‍ശ ചെയ്തതായി മുണ്ടക്കയം എസ്‌എച്ച്‌ഒ സി ഇ ഷൈന്‍ കുമാര്‍ അറിയിച്ചു. സംസ്കാരം ഇന്ന്. മാതാവ്: രാധ. സഹോദരി: ആതിര.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക