തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയർ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലയിൻകീഴ് വിളവൂർക്കല്‍ കുണ്ടമണ്‍ഭാഗം ശങ്കരൻ നായർ റോഡ് സായിറാമില്‍ ബിജുകുമാർ (51) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ബിജുകുമാർ ലോഡ്ജില്‍ മുറിയെടുത്തത്. ബുധനാഴ്ച ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ അന്വേഷിച്ച്‌ ചെന്നപ്പോഴാണ് മുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്.

തിങ്കളാഴ്ചമുതല്‍ ബിജുകുമാറിനെ കാണാനില്ലായിരുന്നു. ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ മലയിൻകീഴ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്നു ജോലിക്ക് പോയെങ്കിലും ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നില്ല. വൈകീട്ട് വീട്ടുകാർ മൊബൈലില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഫോണ്‍ കൊണ്ടുപോയിട്ടില്ലെന്ന് അറിയുന്നത്. വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. ഭാര്യ: ശാലിനി (ഹെഡ് നഴ്സ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്). മക്കള്‍: രാഹുല്‍, വന്ദന. കരുനാഗപ്പള്ളി പോലീസെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹെഡ് നഴ്സിന്റെ മരണം; ഇടതുസംഘടനയിലെ ചിലരുടെ സമ്മർദമെന്ന് ആരോപണം: മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ ഹെഡ് നഴ്സ് വി.ബിജുകുമാറിന്റെ മരണകാരണം ആശുപത്രിയിലെ ഇടതുസംഘടനയിലെ ചില ജീവനക്കാരുടെ സമ്മർദം മൂലമെന്ന് ആരോപണം.സംഘടനയിലെ ചിലർ ഇദ്ദേഹത്തിനെതിരേ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ബിജുകുമാറിനെതിരേ കുറേ ആരോപണങ്ങളുള്ളതായാണ് പറയുന്നത്. കൂടാതെ ജോലിയില്‍ സമ്മർദം നേരിട്ടതായും സംശയമുണ്ട്. ഇതും അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നതായാണ് സൂചന.

ബിജുകുമാറിന്റെ ഭാര്യ ശാലിനി അടുത്തിടെയാണ് കണ്ണാശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജില്‍ ഹെഡ് നഴ്സായി സ്ഥലംമാറി എത്തിയത്. ശാലിനിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതില്‍ സഹപ്രവർത്തകരില്‍ ചിലർക്ക് അതൃപ്തിയുണ്ടായിരുന്നു. ബിജുകുമാറിനോടും ശാലിനിയോടുമുള്ള വിരോധത്തില്‍ ബിജുകുമാറിന്റെ ലീവ് ഉള്‍പ്പെടെയുള്ള പലകാര്യങ്ങളിലും സംഘടന ഇടപെട്ടിരുന്നതായും ആരോപണമുണ്ട്. തൊഴിലിടത്തില്‍ നേരിട്ട സമ്മർദത്തില്‍ മനംനൊന്തുള്ള മരണമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

തിങ്കളാഴ്ച രാവിലെ സ്റ്റാച്യു-പുളിമൂട് ഭാഗത്തുവച്ചാണ് ബിജുകുമാറിനെ കാണാതായത്. ഭാര്യയുമൊത്ത് ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക് യാത്രതിരിച്ചെങ്കിലും സമയം വൈകിയതിനാല്‍ ഉച്ചയ്ക്ക് ശേഷം കയറാമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. അതുവരെ ഷോപ്പിങ് നടത്താനായി ഇരുവരും പുളിമൂട് ഭാഗത്തെത്തി. റോഡില്‍ കുഴിയായതിനാല്‍ ഭാര്യയോട് സ്കൂട്ടറില്‍നിന്ന് ഇറങ്ങാൻ പറഞ്ഞശേഷം ഇദ്ദേഹം സ്കൂട്ടറുമായി പോകുകയായിരുന്നു. പിന്നീട് ബിജുകുമാറിനെ കണ്ടിട്ടില്ലെന്നാണ് ഭാര്യയുടെ മൊഴി. ഇയാളുടെ ഫോണ്‍ ഭാര്യ ശാലിനിയുടെ ബാഗിലായിരുന്നു. ബിജുകുമാർ മെഡിക്കല്‍ കോളേജില്‍ എത്തിയിട്ടുണ്ടാകുമെന്ന ധാരണയില്‍ ശാലിനി ഡ്യൂട്ടിക്കെത്തിയെങ്കിലും ബിജുകുമാർ അവിടെ എത്തിയിരുന്നില്ല. തുടർന്നാണ് മലയിൻകീഴ് പോലീസില്‍ പരാതി നല്‍കിയത്.

മരണം മകന്റെ പിറന്നാള്‍ ദിനമായപ്പോള്‍: ഒരേസ്ഥലത്ത് ഭാര്യയോടൊപ്പം ജോലി ചെയ്യണമെന്നായിരുന്നു ബിജുകുമാറിന്റെ ആഗ്രഹമെന്ന് ശാലിനി പറഞ്ഞു. ഇവരുടെ മകൻ രാഹുലിന്റെ പിറന്നാള്‍ വ്യാഴാഴ്ചയാണ്. പിറന്നാള്‍ദിനം അടുത്തപ്പോള്‍ അച്ഛന്റെ മരണവാർത്തയാണ് രാഹുലിനെ തേടിയെത്തിയത്. സംഭവത്തെപ്പറ്റിയുള്ള മറ്റു കാര്യങ്ങള്‍ ബന്ധുക്കളോട് ചോദിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.അത്യാഹിതവിഭാഗത്തില്‍ വർഷങ്ങളായി ജോലിയെടുക്കുന്ന നല്ലൊരു ജീവനക്കാരനായിരുന്നു ബിജുകുമാറെന്ന് ആശുപത്രി സൂപ്രണ്ട് ബി.എസ്.സുനില്‍കുമാർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക