എം.വി ജയരാജനെ വീണ്ടും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2017 ല്‍ ജില്ലാ സെക്രട്ടറിയായ എം.വി ജയരാജനെ ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കുന്ന പ്രത്യേക സാഹചര്യത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ‘അന്‍പതംഗ കമ്മിറ്റിയില്‍ നിന്നും 14 മുതിര്‍ന്ന നേതാക്കളെ പുതിയ കേഡര്‍മാരെ കണ്ടെത്തുന്നതിനായി ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതായി എം.വി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളായതിനാല്‍ പി.ജയരാജന്‍, എ. എന്‍ ഷംസിര്‍ ഉള്‍പ്പെടെയുള്ള 14 പേരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, ഒ.വി നാരായണന്‍, വയക്കാടി ബാലകൃഷ്ണന്‍, കെ.ഭാസ്‌കരന്‍ ,ടി. കൃഷ്ണന്‍, പാട്യം രാജന്‍, അരക്കന്‍ ബാലന്‍, പി.പി ദാമോദരന്‍, കെ.എം ജോസഫ് കെ.കെ നാരായണന്‍, ബിജു കണ്ടക്കെ, എന്നിവരെയും ഒഴിവാക്കി. അതേസമയം പിശശി, കാരായി രാജന്‍, എം.സുരേന്ദ്രന്‍, സി. കൃഷ്ണന്‍, എം.പ്രകാശന്‍, സി.വി ശശീന്ദ്രന്‍ ,പനോളി വത്സന്‍, പി.കെ ശബരീഷ് കുമാര്‍, വി.കെ സനോജ് തുടങ്ങിയ നേതാക്കള്‍ ഇടം പിടിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഴുപതു വയസിനു മുകളില്‍ പ്രായമുള്ളവരെ ഒന്നിലേറെ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തേണ്ടയെന്നു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മിക്ക നേതാക്കളെയും ഒഴിവാക്കിയത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റില്‍ എന്‍ സുകന്യയാണ് ജില്ലാ സെക്രട്ടറിയേറ്റിലെ വനിതാ സാന്നിധ്യം. 46 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. വനിതാ – പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെ 10 അംഗ പുതുമുഖങ്ങളാണ് കമ്മിറ്റിയില്‍ ഇടം പിടിച്ചത്. ഡി.വൈ എഫ് – ഐജില്ലാ പ്രസിഡന്റ് മനു തോമസ്, മഹിളാ നേതാവ് കെ.ശബ്നം, ആദിവാസി വിഭാഗ സംഘടനയുടെ നേതാവ് എ.കെ.മോഹനന്‍ ഉള്‍പ്പെടെയുള്ള പതിനൊന്ന് പേരാണ് പുതിയ കമ്മിറ്റിയില്‍ ഇടം പിടിച്ചത്.

സിപിഎം സംസ്ഥാനകമ്മിറ്റിയംഗമായ എം വി ജയരാജന്‍ സമര സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ നേതാവാണ്. 61 കാരനായ ഇദ്ദേഹം നിയമ ബിരുദധാരിയാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. എസ്‌എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍, കെഎസ്‌ഇബി അംഗം, ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കോണ്‍ഫെഡറേഷന്‍ ഓഫ് നീതി മെഡിക്കല്‍ എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റ്, കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, എല്‍ബിഎസ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര പ്രവര്‍ത്തകസമിതി അംഗവുമാണ്. എടക്കാട് മണ്ഡലത്തില്‍നിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. ജനകീയ പോരാട്ടങ്ങള്‍ നയിച്ച ജയരാജന് പൊലീസ്മര്‍ദനങ്ങളും ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ നടന്ന കൂത്തുപറമ്ബ് വെടിവയ്പ് സംഭവത്തില്‍ ജയരാജന്‍ ക്രൂര മര്‍ദനത്തിന് ഇരയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക