തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിന് കാരണം അന്നത്തെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടുകളാണെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍. പാമോലിന്‍ കേസില്‍ കരുണാകരനല്ല ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും മക്കള്‍ക്ക് വധഭീഷണിയുണ്ടായിരുന്നുവെന്ന പിണറായിയുടെ ആരോപണവും എം എം ഹസ്സന്‍ തന്റെ പുസ്തകത്തില്‍ ശരിവയ്ക്കുന്നു.

മദ്യനയത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള തര്‍ക്കം വിശദീകരിച്ചാണ് അന്നത്തെ സംഭവങ്ങള്‍ ഹസ്സന്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്. സുധീരന്റെ നിലപാട് സര്‍ക്കാരിന് കീറാമുട്ടിയായി. പാര്‍ട്ടി-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത് കെപിസിസി പ്രസിഡന്റാണ്. 2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ വീണ്ടും തലപൊക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി പ്രസിഡന്റ് സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയത് ഭരണ പക്ഷ നേതാവായിരുന്നുവെന്നാണ് ഹസ്സന്റെ ആരോപണം. പിന്നീട് ഗ്രൂപ്പുകളില്‍ നിന്ന് സഹകരണം കിട്ടാതായതോടെയാണ് കെപിസിസി അധ്യക്ഷ സ്ഥാനം സുധീരന്‍ രാജി വച്ചതെന്നും ഹസ്സന്‍ സമ്മതിക്കുന്നു.

കെ സുധാകരനുമായുണ്ടായ വാക്‌പോരിനിടെ തന്റെ മക്കള്‍ക്ക് വധഭീഷണിയുണ്ടായിരുന്ന കാര്യം പിണറായി വെളിപ്പെടുത്തിയത് അടുത്തിടെ വിവാദമായിരുന്നു. ഇക്കാര്യം തന്നോട് പിണറായി നേരത്തെ പറഞ്ഞിരുന്നുവെന്ന് ഹസ്സന്‍ വിശദീകരിക്കുന്നു. നിയമസഭയിലെ പിയുസി കമ്മിറ്റിയില്‍ അംഗമായിരിക്കുമ്ബോഴാണ് മക്കളെ വധിക്കുമെന്ന ഊമക്കത്ത് കിട്ടിയ കാര്യം പിണറായി തന്നോട് പറഞ്ഞത്.

ചാരക്കേസിലും പാമൊലിന്‍ കേസിലും കെ കരുണാകരനെതിരെ ഗ്രൂപ്പ് യുദ്ധത്തില്‍ പങ്കെടുത്ത ഹസ്സന്‍ ഇരുകേസുകളിലും കരുണാകരന്‍ കുറ്റക്കാരനല്ലെന്ന് വിശദീകരിക്കുന്നു. പാമൊലിന്‍ കേസില്‍ ചീഫ് സെക്രട്ടറിയോട് പരിശോധിച്ച്‌ നടപടി എടുക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു. ഹസ്സന്‍ എഴുതിയ ഓര്‍മ്മചെപ്പ് എന്ന പുസ്തകം എട്ടിന് പ്രകാശനം ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക