ചിത്രകാരനായ നിശാന്ത് 32,423 സ്ക്രൂ ആണികള്‍ ഉപയോഗിച്ച് നിര്‍മിച്ച സുരേഷ് ഗോപി എംപിയുടെ ചിത്രത്തിന് ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സിന്റെ അംഗീകാരം. ചിത്രം കാണാനായി തൂക്കുപാലത്തെ വീട്ടിലെത്തിയ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സിന്റെ മെഡലും സര്‍ട്ടിഫിക്കറ്റും നിശാന്തിന് കൈമാറി.
ഒരു ഇലക്ട്രിക് സ്ക്രൂ ഡ്രില്‍ ഉപയോഗിച്ച് 144 മണിക്കൂറുകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ആദ്യകാഴ്ചയില്‍ കറുപ്പും വെളുപ്പും ചായം ഉപയോഗിച്ച് വരച്ച സുരേഷ് ഗോപിയുടെ ചിത്രം എന്നാണ് തോന്നുക. എന്നാല്‍ ആയിരക്കണക്കിന് സ്ക്രൂ ആണികള്‍ കൃത്യമായി ചേര്‍ത്തുവച്ച് ഒരുക്കിയിരിക്കുന്ന സൃഷ്ടിയാണിത്. നാലടി വീതിയും നാലടി ഉയരുമുള്ള ചിത്രത്തിന് 100 കിലോയോളം ഭാരമുണ്ട്. സ്ക്രൂ കാന്‍വാസില്‍ ഒരുക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് ഇത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചത്.
സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണ് ചിത്രം ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സിന്റെ അംഗീകാരത്തിന് അയച്ചത്. തന്റെ യൂട്യൂബ് ചാനലില്‍ ഇടാന്‍ തയാറാക്കിയ ചിത്രത്തിന്റെ നിര്‍മാണ വീഡിയോയും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ചിത്രത്തിന്റെ പ്രത്യേകതകള്‍ വിലയിരുത്തി നല്കിയ കത്തും ഉള്‍പ്പെടെയാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് അംഗീകാരം ലഭിച്ച വിവരം നിശാന്ത് തന്നെ നവമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. ഇത് വൈറലായതോടെ കഴിഞ്ഞദിവസം സുരേഷ് ഗോപി എംപി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
കെട്ടിടത്തിനു മുകളില്‍നിന്ന് വീണുണ്ടായ അപകടത്തെത്തുടര്‍ന്ന് നിശാന്തിന് അരയ്ക്കു താഴേക്കുള്ള സ്വാധീനം നഷ്ടപ്പെട്ടു. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
നിശാന്തിന്റെ ജീവിതത്തോടുള്ള അനുകൂല സമീപനം പലര്‍ക്കും പ്രചോദനമാവുമെന്ന് ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്, പഞ്ചായത്തംഗം ഷിഹാബ് ഈട്ടിക്കല്‍, ഉടുന്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്, പാറത്തോട് വില്ലേജ് ഓഫീസര്‍ ടി.എ. പ്രദീപ് എന്നിവരും കളക്ടര്‍ക്കൊപ്പം അഭിനന്ദനം അറിയിക്കാന്‍ നിശാന്തിന്റെ വീട്ടിലെത്തിയിരുന്നു.