ന്യൂഡൽഹി: അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവുമായി ചേർന്ന് ബിജെപിയെ താഴെയിറക്കാനുള്ള ഒരു നീക്കവുമായും യോജിക്കുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിലവിലെ സാഹചര്യത്തിൽ ബിജെപിക്കതിരെ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ വെല്ലുവിളി ഉയർത്തി വിജയിക്കാനാവില്ലെന്നു വിശ്വസിക്കുന്നതായും പ്രശാന്ത് ദേശീയ മാധ്യമത്തോടു പറഞ്ഞു.

മൂന്നാം മുന്നണിയെന്നത് ‘പരീക്ഷിച്ചു മടുത്തതാണെന്നും’ പഴയതാണെന്നും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നും അദ്ദേഹം പറയുന്നു. ഇതോടെ, ബിജെപിയെ നേരിടാൻ കോൺഗ്രസ് ഇതര കക്ഷികളുടെ മൂന്നാം മുന്നണി രൂപീകരിക്കാൻ എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രശാന്തിന്റെ സഹായം തേടുന്നെന്ന അഭ്യൂഹം പൊളിഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ പ്രശാന്ത് കിഷോർ ശരദ് പവാറിനെ കണ്ടിരുന്നു. ജൂൺ 11ന് പവാറിന്റെ വസതിയിൽവച്ചു നടന്ന കൂടിക്കാഴ്ച മൂന്നു മണിക്കൂറോളം നീണ്ടു. ഇന്നലെയായിരുന്നു രണ്ടാമത്തേത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എൻസിപി അധ്യക്ഷനുമായി നടത്തിയ കൂടിക്കാഴ്ചകൾ പരസ്പരം കൂടുതൽ അറിയാൻ വേണ്ടിയാണെന്നും ഇതുവരെ ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. ഈ കൂടിക്കാഴ്ചകളിലൊക്കെ ശക്തമായ രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടുണ്ട്. ബിജെപിക്കെതിരായ പോരാട്ടത്തിൽ എന്തൊക്കെ അവർക്കെതിരെ പ്രയോഗിച്ചാൽ വിജയിക്കും, എന്തൊക്കെ വിജയിക്കില്ല എന്നതു സംബന്ധിച്ചും സംസാരിച്ചിട്ടുണ്ട്. എന്നാൽ ഒരു മൂന്നാം മുന്നണി എന്നത് ഇപ്പോൾ സാധ്യമല്ല. ബിജെപിക്കെതിരെ പോരാട്ടം സാധ്യമാണെന്നതിൽ പ്രതിപക്ഷ പാർട്ടികൾക്കു ശക്തമായ ഒരു സന്ദേശമാണ് മമത ബാനർജിയുടെ വിജയമെന്നു ബംഗാളിൽ തൃണമൂലിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു. കോൺഗ്രസ് അവരുടെ പ്രശ്നം എന്താണെന്നു മനസ്സിലാക്കി അത് പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ, കോൺഗ്രസിനെ ഒഴിവാക്കി, ബിജെപി വിരുദ്ധ പാർട്ടികളുടെ മുന്നണി രൂപീകരിക്കാൻ പവാർ നീക്കം നടത്തുന്നുവെന്ന സൂചന സജീവമാണ്. തൃണമൂൽ, ആർജെഡി, ആം ആദ്മി പാർട്ടി എന്നിവയും ഇതിന് അനുകൂലമാണ്. തൃണമൂൽ നേതാവ് യശ്വന്ത് സിൻഹയുമായി പവാർ നാളെ സ്വവസതിയിൽ കൂടിക്കാഴ്ച നടത്തും. നേതാക്കളായ മനോജ് ഝാ (ആർജെഡി), സഞ്ജയ് സിങ് (ആം ആദ്മി) എന്നിവർ വരും ദിവസങ്ങളിൽ പവാറുമായി കൂടിക്കാഴ്ച നടത്തും. ഇന്നു വൈകിട്ട് നാലിന് കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളുടെ യോഗവും പവാർ വിളിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക