കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ദുരൂഹത നീക്കാനുള്ള പരിശ്രമം ഊര്‍ജ്ജിതമാക്കിയ കൊച്ചി സിറ്റി പൊലീസ് തേടുന്നത് ആ സിസി ടിവി ദൃശ്യങ്ങളെ. അപകടത്തിന് മുമ്ബ് എന്താണ് നടന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ ഈ കേസില്‍ ഏറെ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ നമ്ബര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ എങ്ങനെയും കൈക്കലാക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. ഹോട്ടലുകാര്‍ ഒളിപ്പിച്ച ആ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദൃശ്യങ്ങള്‍ ഒളിപ്പിച്ചതില്‍ നിന്നു തന്നെ അവര്‍ക്ക് കേസില്‍ പലതും ഒളിപ്പിക്കാനുണ്ടന്ന് വ്യക്തമാകും.കേസുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള നിഗമനങ്ങളിലാണ് പൊലീസ്. അമിതവേഗത്തിലെത്തിയ കാര്‍ ബൈപ്പാസിലെ മീഡിയനില്‍ ഇടിച്ചുകയറി ഉണ്ടായ അപകടം എന്നായിരുന്നു ആദ്യ നിഗമനം. അപകടത്തില്‍ കാറിലുണ്ടായിരുന്ന മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പും തൃശ്ശൂര്‍ സ്വദേശിയുമായ അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീട് മരിച്ചു.

കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. കാറില്‍ വന്ന സംഘം നമ്ബര്‍ 18 ഹോട്ടലില്‍നിന്ന് നിശാ പാര്‍ട്ടി കഴിഞ്ഞിറങ്ങിയതാണെന്ന വിവരം ലഭിച്ചതോടെ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് പൊലീസിന് സംശയംതോന്നി. ഇത് പരിശോധിക്കുന്നതിനാണ് പാര്‍ട്ടിയുടെ സി.സി.ടി.വി. ദൃശ്യം പരിശോധിക്കാന്‍ പൊലീസ് ഹോട്ടലില്‍ എത്തിയത്. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍. ഹോട്ടലുകാര്‍ മാറ്റി. പലതും ഒളിപ്പിക്കുന്നു എന്നു വ്യക്തമായത് അവിടംമുതലാണ്.അമിതവേഗത്തിലായിരുന്നു വാഹനമെന്നും അതിനെ ഒരു ഓഡി കാര്‍ പിന്തുടര്‍ന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ഇതുവെച്ച്‌ അപകടത്തിന് വഴിവെച്ച നാല് സാഹചര്യങ്ങളാണ് അന്വേഷണ സംഘം വിലയിരുത്തിട്ടുള്ളത്. ഇതി ഒന്നാമത്തേത് മത്സരയോട്ടമാണ്. അരൂര്‍-ഇടപ്പള്ളി ദേശീയപാത മത്സരയോട്ടത്തിന്റെ സ്ഥിരം കേന്ദ്രമാണ്. രാത്രി നടക്കുന്ന പല മത്സരയോട്ടങ്ങളും നിശാ പാര്‍ട്ടി കഴിഞ്ഞിറങ്ങുന്നവര്‍ തമ്മിലാണ്.രണ്ടാമത്തേത് സ്ത്രീകള്‍ അടങ്ങിയ സംഘത്തെ പിന്തുടരുന്ന ചിലരുടെ രീതിയാണ്. പാര്‍ട്ടികളിലുണ്ടാക്കുന്ന ചെറിയ ഉടക്കും മറ്റും ഇത്തരം സംഭവങ്ങളിലാണ് അവസാനിക്കാറ്. ഭയപ്പെടുത്തുകയാണ് ഒരു ലക്ഷ്യം. ഇതാകാം ഇവിടെ സംഭവിച്ചിട്ടുണ്ടാകുക എന്നാണ് ലഭിക്കുന്ന സൂചനകള്‍. മൂന്നാമത്തേത് ഹോട്ടലുടമയുടെ നിര്‍ദേശപ്രകാരമാണ് കാര്‍ പിന്തുടര്‍ന്നത് എന്നതാണ്. പിന്തുടര്‍ന്ന കാര്‍ ഓടിച്ചിരുന്നയാളും ഹോട്ടലുടമയും ഫോണില്‍ ബന്ധപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.നാലാമത്തേത് പിന്തുടര്‍ന്ന ഡ്രൈവര്‍ പറഞ്ഞ മൊഴിയാണ്. മദ്യപിച്ച്‌ വാഹനം ഓടിച്ചിരുന്ന സംഘത്തിന് മുന്നറിയിപ്പ് നല്‍കാന്‍ പോയതാണ് എന്നത്. ഈ മൊഴി ഒറ്റക്കേള്‍വിയില്‍ത്തന്നെ കളവെന്ന് വ്യക്തമാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നടന്ന ഹോട്ടലിലെ ഹാളിലെയും പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങള്‍ മാത്രം മാറ്റിയതാണ് ഹോട്ടലുടമയിലേക്ക് സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത്. ഹാളില്‍ നടന്ന കാര്യങ്ങളും കാര്‍ പിന്തുടര്‍ന്നതും ഒളിപ്പിക്കാനുള്ള ശ്രമമാണിത്. ചോദ്യംചെയ്യലില്‍ ഇതിനെല്ലാം ഉത്തരം നല്‍കേണ്ടിവരും ഉടമ. ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നാണ് മൊഴിയെങ്കിലും ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക