കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമി ഇടപാട് കേസില്‍ എറണാകുളം അങ്കമാലി അതിരൂപത മുന്‍ പ്രോക്യുറേറ്റര്‍ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. സിറോ മലബാര്‍ സഭയുടെ മൂന്നര ഏക്കര്‍ വരുന്ന ഭൂമി ഇടപാടില്‍ കളളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നതാണ് ഇ ഡി അന്വേഷിക്കുന്നത്.

ഭൂമി ഇടപെടുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്തിരുന്നത് ഫാദര്‍ ജോഷി പുതുവയും ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ ഉള്‍പ്പെടെ ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ജോഷി പുതുവ ചോദ്യം ചെയ്യലിനായി രാവിലെ 10 മണിയോടെ ആണ് എത്തിയത്. ഉച്ചയോടെ ആണ് ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ വന്നത്. ഇടപാടിനെക്കുറിച്ച്‌ വൈദികരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. ഭൂമി വില്‍പ്പനയില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ ഡിയുടെ പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആല‌ഞ്ചേരിയടക്കം 24 പേരെ പ്രതിയാക്കിയാണ് ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭൂമി വില്‍പ്പനയുടെ ഇടനിലക്കാര്‍, ഭൂമി വാങ്ങിയവര്‍ എന്നിവരും കള്ളപ്പണ കേസില്‍ പ്രതികളായിട്ടുണ്ട്.ഭൂമി വില്‍ക്കാന്‍ ആധാരത്തില്‍ വിലകുറച്ച്‌ കാണിച്ച്‌ നികുതി വെട്ടിപ്പ് നടത്തിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ആറര കോടി രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

വില്‍പ്പന നടത്തിയ ഭൂമികളില്‍ റവന്യു പുറമ്ബോക്ക് ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം റവന്യു വകുപ്പ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭൂമി വില്‍പ്പന നടത്തിയിട്ടില്ല എന്നായിരുന്നു റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. സഭാ നേതൃത്വം ഭൂമി വില്‍ക്കാന്‍ ഏല്‍പിച്ച ഇടനിലക്കാരന്‍ മറ്റ് പലര്‍ക്കും മറിച്ച്‌ കൊടുക്കുകയായിരുന്നു. കേസിലെ പരാതിക്കാരന്‍ പ്രസന്നപുരം സ്വദേശി പാപ്പച്ചന്‍റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക