ന്യൂഡല്‍ഹി: മുന്‍ കേരള ചീഫ് വിപ്പും എം.എല്‍.എയുമായിരുന്ന പി.സി ജോര്‍ജിന് കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കാന്‍ നീക്കം.വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പി.സി ജോര്‍ജ് വലിയ തോതില്‍ ഭീഷണി നേരിടുന്നുണ്ടെന്ന ഐ.ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പാടാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ പി.സി ജോര്‍ജിന്റെ കൂടി താല്‍പ്പര്യം അറിഞ്ഞാല്‍ തീരുമാനവും തുടര്‍ന്നുണ്ടാകുമെന്നാണ് സൂചന. മുന്‍പ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സി.ആര്‍.പി.എഫ് സുരക്ഷയാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നത്. പി.സി ജോര്‍ജിന് കൂടുതല്‍ ശക്തമായ സുരക്ഷ ലഭിക്കാനാണ് സാധ്യത.

ഇടതുപക്ഷ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന കേരള പൊലീസിനേക്കാള്‍, പി.സി ജോര്‍ജിന് ഇപ്പോള്‍ വിശ്വാസം കേന്ദ്ര സേനയോട് തന്നെയാണ്. പി.സി ജോര്‍ജിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നതാണ് സംഘപരിവാര്‍ സംഘടനകളുടെയും നിലപാട്. പി.സി ജോര്‍ജിനെ രാഷ്ട്രീയമായി പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് ബി.ജെ.പിയുടെ നീക്കം. അദ്ദേഹത്തെ കേരളത്തിലെ എന്‍.ഡി.എ തലപ്പത്ത് കൊണ്ടുവരണമെന്ന നിലപാട് ദേശീയ നേതൃത്വത്തിനുമുണ്ട്. അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ പി.സി ജോര്‍ജിനെ ഉപയോഗിച്ച്‌ ക്രൈസ്തവ വോട്ടുകളില്‍ മാത്രമല്ല, ഹൈന്ദവ വോട്ടു ബാങ്കിലും സ്വാധീനമുറപ്പിക്കുക എന്നതു തന്നെയാണ് ബി.ജെ.പി ലക്ഷൃം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘപരിവാര്‍ സംഘടനകള്‍ ഇത്രകാലം പറഞ്ഞു നടന്നത്, പി.സി ജോര്‍ജ് ഒറ്റതവണ പറഞ്ഞതോടെ തന്നെ വലിയ തരത്തിലുള്ള രാഷ്ട്രീയ പ്രത്യാഘാതമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വിവാദ പരാമര്‍ശത്തിന്റെ പേരിലെ കേസും അറസ്റ്റുമെല്ലാം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലും ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ജോര്‍ജിനെ ഹീറോയാക്കി പരിവാര്‍ സംഘടനകള്‍ ആഘോഷിക്കുന്നതും വ്യക്തമായ കണക്കു കൂട്ടലില്‍ തന്നെയാണ്. ഇത്തവണ കാല്‍ലക്ഷത്തില്‍ അധികം വോട്ട് പിടിക്കുമെന്നു പറഞ്ഞ ബി.ജെ.പി ഇപ്പോള്‍ പറയുന്നത് അട്ടിമറി വിജയം തന്നെ നേടുമെന്നതാണ്.

ഉപതിരഞ്ഞെടുപ്പ് പ്രചരണ സമാപനത്തില്‍ പി.സി ജോര്‍ജിനെ ഇറക്കി തരംഗം സൃഷ്ടിക്കാനും ബി.ജെ.പി നീക്കം നടത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് തൃക്കാക്കരയില്‍ മറുപടി പറയും എന്ന് ജോര്‍ജ് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഹൈന്ദവ , ക്രൈസ്തവ വോട്ടുകളിലെ ഏകീകരണമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. അത്തരം ഒരു വോട്ട് ചോര്‍ച്ച ഉണ്ടായാല്‍, അത് ഇടതുപക്ഷത്തേക്കാള്‍ ദോഷം ചെയ്യുക കോണ്‍ഗ്രസ്സിനാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കേരളത്തിലെ നിലവിലെ അവസ്ഥയെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നോക്കി കാണുന്നത്. പാലക്കാട്ടും ആലപ്പുഴയിലും അടുപ്പിച്ചുണ്ടായ കൊലപാതകങ്ങള്‍ സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ടാണ് ഐ.ബി ഉദ്യോഗസ്ഥര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയിരിക്കുന്നത്. ഈ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിളിച്ച മുദ്രാവാക്യത്തെയും കേന്ദ്ര ഏജന്‍സികള്‍ നോക്കി കാണുന്നത്. പുതിയ തലമുറയിലേക്ക് വരെ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ ‘വര്‍ഗ്ഗീയ വിഷം’ കുത്തിവയ്ക്കുന്നത് തുടര്‍ന്നാല്‍, കേരളത്തിലും അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നതാണ് അവരുടെ മുന്നറിയിപ്പ്.

സമുദായ സ്പര്‍ധയും വിദ്വേഷവും പടര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പി.സി ജോര്‍ജിനെ പാലാരിവട്ടം പോലീസാണ് അറസ്റ്റു ചെയ്തിരുന്നത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തിലാണ് ഈ നടപടി ഉണ്ടായിരുന്നത്. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും പി.സി ജോര്‍ജ് സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തുകയാണ് ഉണ്ടായത്. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയിരുന്നത്.

ഇതോടെ ജോര്‍ജിന്റെ അറസ്റ്റിന് വഴിയൊരുങ്ങുകയും ചെയ്തു. ജയിലില്‍ അടക്കപ്പെട്ട അദ്ദേഹത്തിന് കര്‍ശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഈ ജാമ്യ വ്യവസ്ഥയോട് അദ്ദേഹം എത്രത്തോളം നീതി പുലര്‍ത്തും എന്നതാണ് ഇനി കണ്ടറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക