യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യങ്ങൾ നേട്ടാൻ വൻ തട്ടിപ്പ്. ചടങ്ങില്‍ വിവാഹിതരാകാൻ എത്തിയ യുവതികളില്‍ പലരും നേരത്തെ വിവാഹം കഴിച്ചവരായിരുന്നു. മറ്റുചിലർക്കാകട്ടെ, വരന്മാരും ഇല്ല. വധൂവരന്മാരെന്ന വ്യാജേന സഹോദരങ്ങളും താലിചാർത്തി. മൂഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന 51,000 രൂപ തട്ടിയെടുക്കാനാണ് ഈ രീതിയിലുള്ള തട്ടിപ്പ് അരങ്ങേറിയത്.

സംഭവത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റൻ്റ് ഡെവലപ്‌മെൻ്റ് ഓഫിസർക്കും എട്ട് ‘വധു’ക്കള്‍ക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി മണിയാർ എസ്‌എച്ച്‌ഒ മന്തോഷ് സിങ് അറിയിച്ചു. ജനുവരി 25ന് മണിയാർ ഇന്റർ കോളജിലായിരുന്നു സംസ്ഥാനത്തിന് നാണക്കേടായി മാറിയ സമൂഹ വിവാഹം. അസി. ഡെവലപ്‌മെൻറ് ഓഫിസർ സുനില്‍ കുമാർ യാദവ്, ചടങ്ങില്‍ വ്യാജവിവാഹം കഴിച്ച അർച്ചന, രഞ്ജന യാദവ്, സുമൻ ചൗഹാൻ, പ്രിയങ്ക, സോനം, പൂജ, സഞ്ജു, രമിത എന്നീ എട്ട് ഗുണഭോക്താക്കള്‍ എന്നിവർക്കെതിരെയാണ് ജില്ലാ സാമൂഹ്യക്ഷേമ ഓഫിസർ ദീപക് ശ്രീവാസ്തവയുടെ പരാതിയില്‍ ഇന്നലെ രാത്രി കേസെടുത്തത്. നേരത്തെ വിവാഹിതരായ വധൂവരന്മാർ വീണ്ടും പദ്ധതിപ്രകാരം വിവാഹിതരായത് ശ്രദ്ധയില്‍പ്പെട്ടതായി ശ്രീവാസ്തവ പരാതിയില്‍ പറയുന്നു. ഇവർക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം വിവാദമായതോടെ ജനുവരി 29ന് ചീഫ് ഡെവലപ്‌മെൻറ് ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. പ്രതികളില്‍ ഒരാളായ മണികപൂർ സ്വദേശി അർച്ചന 2023 ജൂണില്‍ വിവാഹിതയായതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രഞ്ജന യാദവും സുമൻ ചൗഹാനും 2023 മാർച്ചിലും രമിത 2023 ജൂലൈയിലും വിവാഹം കഴിച്ചവരാണ്. 2023 നവംബറിലായിരുന്നു പ്രിയങ്കയുടെ വിവാഹം. പൂജ ഒരു വർഷം മുമ്ബും സഞ്ജു മൂന്ന് വർഷം മുമ്ബും വിവാഹിതരായെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. സോനം എന്ന പ്രതിയുടെ വിവാഹം ഇതുവരെ തീരുമാനിച്ചിട്ടുപോലുമില്ല. ഇവർ ആരും സമൂഹ വിവാഹ പദ്ധതി പ്രകാരം ധനസഹായത്തിന് അർഹരല്ലെന്നും അന്വേഷണ സമിതി റിപ്പോർട്ടില്‍ പറയുന്നു.

നിർധന കുടുംബാംഗങ്ങളുടെ വിവാഹത്തിനാണ് മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതി രൂപവത്കരിച്ചത്. എന്നാല്‍, അർഹതയില്ലാത്ത അപേക്ഷകർ ആനുകൂല്യം ലഭിക്കുന്നതിന് കൂട്ടത്തോടെ വ്യാജവിവാഹം കഴിക്കുകയായിരുന്നു. അപേക്ഷകള്‍ പരിശോധിക്കുന്നതില്‍ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റൻ്റ് ഡെവലപ്‌മെൻ്റ് ഓഫിസർ അലംഭാവം കാട്ടിയതാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, ചടങ്ങില്‍ വിവാഹിതരായവർക്ക് ഇതുവരെ ധനസഹായം വിതരണം ചെയ്തിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാർ പറഞ്ഞു

. നിലവില്‍ പ്രതികളായ ഒമ്ബത് പേർക്ക് പുറമേ മറ്റാരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ പദ്ധതി പ്രകാരം 51,000 രൂപയാണ് വധൂവരന്മാർക്ക് നല്‍കുകയെന്ന് സർക്കാർ വെബ്‌സൈറ്റില്‍ പറയുന്നു. അതില്‍ 35,000 രൂപ പെണ്‍കുട്ടിക്കാണ്. 10,000 രൂപ വിവാഹ സാമഗ്രികള്‍ വാങ്ങുന്നതിനും 6,000 രൂപ ചടങ്ങ് നടത്തുന്നതിനും നല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക