മലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷനെതിരെ കടുത്ത വിമര്‍ശങ്ങളും ഉയര്‍ന്നു വരികെയാണ്. കുറുപ്പ് ടീ ഷര്‍ട്ട് അണിഞ്ഞുള്ള സാനിയ ഇയ്യപ്പന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ദുല്‍ഖര്‍ തന്റെ പേജില്‍ പങ്കുവച്ചിരുന്നു. ‘കുറുപ്പ്’ സ്‌പെഷല്‍ ടീ ഷര്‍ട്ട് എന്ന പേരിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത്. ഒരു കൊലയാളിയുടെ പേര് ഇത്തരം പ്രമോഷനുകള്‍ക്ക് ഉപയോഗിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് സോഷ്യല്‍മീഡയയിലെ ഒരുകൂട്ടര്‍ പറയുന്നത്.

അതേസമയം, ഇതിനു പിന്നാലെ മിഥുന്‍ മുരളീധരന്‍ എന്ന വ്യക്തിയുടെ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. സുകുമാരക്കുറിപ്പിനാല്‍ കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബാംഗങ്ങളെ ഇത്തരം ആഘോഷങ്ങള്‍ വേദനിപ്പിക്കുമെന്നും സ്വന്തം അച്ഛന്റെ കൊലപാതകിയുടെ പേരെഴുതിയ ടീ ഷര്‍ട്ടുകള്‍ കാണുന്ന ചാക്കോയുടെ മകന്റെ അവസ്ഥ ഒന്ന് ആലോചിച്ച്‌ നോക്കൂ എന്ന തരത്തിലാണ് മിഥുന്‍ എഴുതിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിഥുന്‍ മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെ,

ഒരു ഉദാഹരണത്തിന് നിങ്ങള്‍ അടുത്ത ഒരു മിനുട്ടിലേക്ക് നിങ്ങളുടെ പേര് ജിതിന്‍ എന്നാണ് എന്നൊന്ന് കരുതിക്കെ.. നിങ്ങളുടെ അപ്പന്റെ പേര് കെ.ജെ ചാക്കോ എന്നും കരുതുക.. നിങ്ങളുടെ ഈ അപ്പനെ സുകുമാരകുറുപ്പ് എന്നൊരാള്‍ സ്വന്തം അഭിവൃദ്ധിക്ക് വേണ്ടി കത്തിച്ചു കൊന്നു എന്നും കരുതുക.

കുറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെ ഏതെങ്കിലും ഒരു നടന്‍ നിങ്ങളുടെ അപ്പന്റെ ഈ കൊലപാതകിയുടെ വേഷം ചെയ്യുന്നു എന്ന് കരുതുക. അതിനെ മാസ് ബിജിഎംന്റെയും ആഘോഷങ്ങളുടെയും രീതിയില്‍ സ്ക്രീനില്‍ കൊണ്ടുവരുന്നത് കാണേണ്ടി വരുന്നു എന്നും ഓര്‍ക്കുക. ഒപ്പം അതിന്റെ പ്രൊമോഷനുകള്‍ക്കായി നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷര്‍ട്ടുകളും മറ്റും ധരിച്ച്‌ നിങ്ങള്‍ക്ക് മുന്നിലൂടെ ആഘോഷിച്ചു നടക്കുന്നു എന്നും സ്റ്റോറുകളില്‍ വില്‍പ്പനക്ക് വെക്കുന്നു എന്നും അതിന്റെ വീഡിയോകളും ബിജിഎംകളും മറ്റും സ്റ്റാറ്റസ് ആയും പ്രൊഫൈല്‍ ആയും ഉപയോഗിക്കുന്നത് കാണേണ്ടി വരുന്നു എന്നും കരുതുക.

ഇനി, മേല്‍പ്പറഞ്ഞ ഇത്രയും കാര്യങ്ങള്‍ “ഒരു ഉദാഹരണം ആയതുകൊണ്ട്” പ്രശ്നം ഇല്ല എന്നാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം അച്ഛനെ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരു ജിതിന്‍ ഇവിടെ ജീവിക്കുന്നുണ്ട്. അയാള്‍ക്ക് തീര്‍ച്ചയായും മേല്‍പ്പറഞ്ഞ ഈ വികാരങ്ങള്‍ തോന്നുന്നുണ്ട്. അയാള്‍ ഇതിനെപ്പറ്റി പറഞ്ഞവ ഒരിക്കല്‍ എങ്കിലും ഒന്ന് കേള്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കുക.

“ഒരിക്കല്‍പ്പോലും ഞാനെന്റെ അപ്പന്റെ മുഖം കണ്ടിട്ടില്ല. അപ്പന്‍ കൊല്ലപ്പെടുമ്ബോള്‍ എന്റെ അമ്മ ആറ് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പോലും തികഞ്ഞിരുന്നില്ല. ആര്‍ത്തുങ്കല്‍ പള്ളിയിലേക്ക് കൊണ്ടുപോകാം എന്ന് അമ്മയ്ക്ക് വാക്ക് നല്‍കിയാണ് അപ്പന്‍ അന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നെ തിരിച്ചു വന്നില്ല. ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരുപാട് പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുമുണ്ട്. അതിനിടയില്‍ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പിന്നെ ശ്രദ്ധിച്ചില്ല.

എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ മനസ്സിലെനിക്ക് വല്ലാത്ത വേദന തോന്നി. ഞാനത് അമ്മയെയും കാണിച്ചു. അമ്മയും തകര്‍ന്നുപോയി. കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ ‘ഇനി ഞാന്‍ വിചാരിക്കണം എന്നെ പിടിക്കാന്‍’-എന്ന സംഭാഷണം കൂടി കേട്ടപ്പോള്‍ ആകെ തകര്‍ന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അപ്പന്റെ മരണ വാര്‍ത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പന്‍ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി. ​

പിന്നീട് അമ്മ എന്നെ പ്രസവിച്ചതും ഒറ്റയ്ക്ക് വളര്‍ത്തിയതും ഒരുപാട് യാതനകള്‍ അനുഭവിച്ചായിരുന്നു. അമ്മയ്ക്ക് ഇപ്പോള്‍ അതൊന്നും ഓര്‍ക്കാനോ അതെക്കുറിച്ച്‌ സംസാരിക്കാനോ ഇഷ്ടമല്ല. പക്ഷേ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും അപ്പനെ കൊന്നയാളുടെ പേര് കേള്‍ക്കുമ്ബോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഈ സിനിമ കണ്ടിറങ്ങുമ്ബോള്‍ എന്റെ അപ്പനെ കൊന്നവന്‍ പൊതുജനത്തിന് മുന്നില്‍ ഹീറോ ആയി തീരുമോ എന്ന ഭയം എനിക്കുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങള്‍ക്ക് അതൊരിക്കലും താങ്ങാനാകില്ല..”

“ഇത്തരം പ്രൊമോഷനുകള്‍ക്ക് എന്താ പ്രശ്നം, ഇവിടെ എസ്‌കോബാര്‍ ഒക്കെ ഉണ്ടല്ലോ നാര്‍ക്കോസ് ഉണ്ടല്ലോ ” എന്നു പറയുന്നവര്‍ക്ക് വേണ്ടിയാണ്. കുറുപ്പ് എന്ന സിനിമ ഇറങ്ങുന്നതിനോടല്ല, ഈ കാലഘട്ടത്തിലെ ഓരോ മനുഷ്യനും അത്രയേറെ പരിചിതനായ ഒരു ക്രിമിനലിന്റെ ഇത്തരം ബ്രാന്‍ഡിംഗ് ആണ് എതിര്‍പ്പ്. ആത് ദുല്‍ഖര്‍ പ്രൊമോട്ട് ചെയ്യുന്ന രീതികളോടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക