അതിതീവ്രമഴ മൂന്നു ദിവസംകൂടി ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ അടുത്തയാഴ്ച അവസാനത്തോടെ ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും. നിലവില്‍ 12 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പിലെത്തുമെന്നിരിക്കെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള ആലോചനയിലേക്ക് കടക്കുകയാണ് വൈദ്യുതി ബോര്‍ഡ്.സംസ്ഥാന വൈദ്യുതി മന്ത്രിയുടെയും ഇടുക്കി ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ അടുത്ത ദിവസം ഉന്നതതല ചര്‍ച്ചകള്‍ ഇടുക്കിയില്‍ നടക്കും.

ജലനിരപ്പ് 2390.86 അടിയിലെത്തിയതിനെത്തുടര്‍ന്ന് ഷട്ടര്‍ തുറക്കുന്നതിനു മുന്നോടിയായി ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിച്ചിരുന്നു.2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ഷട്ടറുകള്‍ തുറക്കേണ്ട ചെറുതോണി ഡാമില്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13ന് ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്പാദനം കൂട്ടാന്‍ കെ.എസ്.ഇ.ബിജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പരമാവധിയാക്കി കെ.എസ്.ഇ.ബി.കഴിഞ്ഞ ദിവസം വരെ 8.19 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഉത്പാദിച്ചിരുന്നത്. ഇന്നലെ മുതല്‍ അത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആറ് ജറേറ്ററുകളില്‍ അഞ്ചെണ്ണമാണ് നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരെണ്ണം ഒരു മാസമായി തകരാറിലാണ്. 2391.00 അടിയാണ് ഇന്നലെ വൈകുന്നേരം ഏഴ് മണി വരെയുള്ള ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.

നിലവിലെ റൂള്‍ കേര്‍വ് അനുസരിച്ച്‌ 2396.86 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2397.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. സംഭരണശേഷിയുടെ 88 ശതമാനം വെള്ളമാണ് ഇന്നു രാവിലെ വരെ അണക്കെട്ടിലുള്ളത്. ഇന്നു പുലര്‍ച്ചെ മുതല്‍ അപ്രതീക്ഷിതമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്കയുയരുന്നത്. 2403 അടിയാണ് ഇടുക്കി ഡാമിലെ പരാമാവധി സംഭരണ ശേഷി.

പ്രളയ സാധ്യത കണക്കിലെടുത്ത് പൂര്‍ണ സംഭരണശേഷിയിലെത്തിക്കാന്‍ കേന്ദ്ര ജലകമ്മീഷന്‍ കെഎസ്‌ഇബിക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍, തുടര്‍ച്ചയായി കനത്ത മഴ പെയ്താല്‍ ഡാം തുറന്ന് വിടേണ്ടി വരുമെന്നാണ് ഇന്നു രാവിലെയുള്ള സൂചന. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2393 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് 2398.86 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച്‌ ജില്ലാകളക്ടറുടെ അനുമതി ജനങ്ങളെ ഒഴിപ്പിച്ച്‌ ചെറുതോണി ഡാമിലെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടും.

അണക്കെട്ടിലേക്ക് ദിവസം രണ്ടര അടിവീതം വെള്ളം ഒഴുകിയെത്തുന്ന സാഹചര്യം തുടര്‍ന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പരമാവധി സംഭരണ ശേഷി കൈവരിക്കാനാണ് സാധ്യത. ഉയരം കൂടുന്നതനുസരിച്ച്‌ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷി അണക്കെട്ടില്‍ കൂടുതലാണെന്ന സാഹചര്യമാണെങ്കിലും ഇന്നു രാവിലെ മുതല്‍ പെയ്യുന്ന മഴയുടെ തോത് നിര്‍ണായകമായിരിക്കും. ഇന്നു തെക്കന്‍ കേരളത്തില്‍ തിമര്‍ത്ത് പെയ്യുന്ന അതിവര്‍ഷത്തില്‍ എല്ലാ കണക്കുകൂട്ടലുകളും മാറിമറിയുമെന്നാണ് സൂചന. 2018ലെ മഹാപ്രളയത്തിലാണ് അവസാനമായി ഇടുക്കി ഡാം രണ്ടു ഘട്ടമായി 12 ദിവസം തുടരെ തുറന്നത്. പദ്ധതി കമ്മീഷന്‍ ചെയ്തശേഷം മുന്‍പ് രണ്ടു തവണ ഇടുക്കി തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടുണ്ട്.

ഇന്നലെ പകല്‍ അരയടിയോളമാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നതെങ്കിലും രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു. ആനത്തോട്, തെന്‍മല ഉള്‍പ്പെടെ ഏതാനും ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ കനത്ത ജാഗ്രത പുലര്‍ത്തിവരികയാണ്.ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ചെറുതോണി മുതല്‍ പെരിയാര്‍ ഒഴുകുന്ന പ്രദേശങ്ങളിലെ നദിയോടു ചേര്‍ന്നു താമസിക്കുന്നവരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. ജനദുരിതം ഒഴിവാക്കാന്‍ ചെറുതോണി ഡാമിലെ ഒന്നോ രണ്ടോ ഷട്ടറുകള്‍ മാത്രം ഒരടി വീതം തുറന്ന് ജലനിരപ്പ് നിയന്ത്രിക്കാനാണ് ആലോചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക