ആന്ധ്രപ്രദേശ്: കുഞ്ഞുങ്ങളുമായി കനാലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍. ആന്ധ്രപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥാനാണ് രക്ഷാപ്രവര്‍ത്തനത്തിനായി കനാലിലേക്ക് എടുത്ത് ചാടിയത്. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലുള്ള പൊലാവരം കനാലില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം നടന്നത്.

എട്ടും അഞ്ചും വയസ്സുള്ള കുട്ടികളുമായാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്മയും മക്കളും കനാലില്‍ ചാടിയ വിവരം അറിഞ്ഞാണ് ജഗ്ഗംപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി സുരേഷ് ബാബു അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയത്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന അമ്മയേയും കുട്ടികളേയും കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ സിഐ വി സുരേഷ് ബാബു കനാലിലേക്ക് എടുത്തു ചാടുകയായിരുന്നു. സുരേഷ് ബാബുവിന്റെ കൃത്യസമയത്തെ ഇടപെടല്‍ കാരണം അമ്മയേയും ഒരു കുഞ്ഞിനേയും രക്ഷിക്കാനായി. നിര്‍ഭാഗ്യവശാല്‍ മറ്റൊരു കുട്ടി വെള്ളത്തില്‍ മുങ്ങി മരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ ബുജ്ജി(30) എന്ന സ്ത്രീയാണ് മക്കളായ സായി(8), ലക്ഷ്മി ദുര്‍ഗ(5) എന്നീ കുട്ടികളുമായി ചാടിയത്. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് ഉടനെ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനുള്ള സന്നാഹങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ കനാലിലേക്ക് എടുത്തുചാടുകയായിരുന്നു.

നല്ല ആഴവും ഒഴുക്കുമുണ്ടായിരുന്ന വെള്ളത്തില്‍ നിന്ന് ആണ്‍കുട്ടിയേയാണ് ആദ്യം രക്ഷിച്ചചത്. ഇതിനുശേഷം വീണ്ടും എടുത്തു ചാടി അമ്മയേയും കരയിലേക്ക് എത്തിച്ചു. എന്നാല്‍ ഇവരുടെ അഞ്ച് വയസ്സുള്ള മകളെ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സുരേഷ് ബാബുവും ഒഴുക്കില്‍പെട്ടിരുന്നു. പ്രദേശവാസികള്‍ തക്കസമയത്ത് ഇടപെട്ടാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവന്‍ രക്ഷിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക