2018-ല്‍ റിയാലിറ്റി താരം കെയ്‌ലി ജെന്നര്‍ താന്‍ സ്നാപ്ചാറ്റ് ഇനി മുതല്‍ ഉപയോഗിക്കില്ല എന്ന് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് സ്നാപ്ചാറ്റിന്റെ മാതൃ കമ്ബനിയ്ക്ക് തങ്ങളുടെ വിപണി മൂല്യത്തില്‍ 1.3 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിടേണ്ടി വന്നു. 2021-ല്‍ ഈ ദൗര്‍ഭാഗ്യം വന്നു ചേര്‍ന്നിരിക്കുന്നത് കൊക്കക്കോളയ്ക്കാണ്. 2020-ലെ യൂറോകപ്പ് സംബന്ധിച്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവെ പോര്‍ച്ചുഗീസ് ഫുട്‍ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ മുന്നില്‍ വെച്ചിരുന്ന കൊക്കക്കോള ബോട്ടിലുകള്‍ എടുത്തു മാറ്റിയതാണ് കമ്ബനിയ്ക്ക് വിനയായി മാറിയത്.

യൂറോകപ്പില്‍ ഗ്രൂപ്പ് എഫില്‍ മത്സരിക്കുന്ന പോര്‍ച്ചുഗല്‍ ടീം ഹംഗറിയ്ക്കെതിരെയുള്ള തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടീം ക്യാപ്റ്റന്‍ കൂടിയായ 36 വയസുകാരന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കക്കോളയോടുള്ള തന്റെ അനിഷ്ടം പ്രകടിപ്പിച്ചത്. നിര്‍ദോഷകരമെന്ന് പ്രത്യക്ഷത്തില്‍ തോന്നിയ റൊണാള്‍ഡോയുടെ ആ പ്രവൃത്തിയ്ക്ക് കൊക്കക്കോളയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു എന്നതാണ് യാഥാര്‍ഥ്യം. ആ സംഭവത്തെ തുടര്‍ന്ന് കൊക്കക്കോളയുടെ ഓഹരി വിലയില്‍ 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. 242 ബില്യണ്‍ ഡോളറില്‍ നിന്ന് 238 ബില്യണ്‍ ഡോളറിലേക്ക് ഓഹരി വില കൂപ്പുകുത്തിയ കൊക്കക്കോളയ്ക്ക് 4 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി ദി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനു ശേഷം ഇന്റര്‍നെറ്റ് മുഴുവന്‍ ഇത് സംബന്ധിച്ചുള്ള മീമുകളും ട്രോളുകളും പ്രചരിക്കുകയാണ്. ചില ആളുകള്‍ ഈ അവസരം കൊക്കക്കോളയെ കളിയാക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തിയെങ്കില്‍ മറ്റു ചിലര്‍ റൊണാള്‍ഡോ മുമ്ബ് കൊക്കക്കോളയ്ക്ക് അനുകൂലമായ സമീപനം സ്വീകരിക്കുന്ന വീഡിയോകള്‍ പങ്കുവെച്ച്‌ താരത്തിനെതിരെയും ഒളിയമ്ബുകള്‍ എയ്യുന്നുണ്ട്. എന്നാല്‍, റൊണാള്‍ഡോയും കൊക്കക്കോളയും തമ്മിലുള്ള ഈ അങ്കത്തിനിടയില്‍ ശരിയായ വിജയം നേടിയത് ഫെവിക്കോള്‍ ആണെന്നതാണ് കൗതുകകരമായ കാര്യം.

റൊണാള്‍ഡോ കൊക്കക്കോള നീക്കിവെച്ച സംഭവത്തെ സൂചിപ്പിക്കുന്ന ഒരു പരസ്യത്തിലൂടെയാണ് ഫെവിക്കോള്‍ ഈ അവസരം സമര്‍ത്ഥമായി ഉപയോഗിച്ചത്. ഒരു കസേരയ്ക്ക് മുന്നിലെ മൈക്കിന് സമീപം വെച്ചിട്ടുള്ള രണ്ട് ഫെവിക്കോള്‍ ബോട്ടിലുകളുടെ ഈ പരസ്യചിത്രത്തിന് നല്‍കിയ പരസ്യ വാചകമാണ് ഏറ്റവും ശ്രദ്ധേയം. “ഈ ബോട്ടിലുകള്‍ നീക്കിവെയ്ക്കാനും കഴിയില്ല, അതിന്റെ മൂല്യം ഇടിയുകയുമില്ല” എന്നതാണ് രസകരമായ ആ പരസ്യ വാചകം.

ഇത് ആദ്യമായല്ല രസകരവും ആകര്‍ഷകവുമായ പരസ്യ വാചകങ്ങളിലൂടെ ഫെവിക്കോള്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത്. വര്‍ഷങ്ങളായി ചിന്തോദ്ദീപകമായ പരസ്യങ്ങള്‍ സൃഷ്ടിച്ച്‌ പ്രശസ്തി നേടിയെടുത്ത കമ്ബനിയാണ് ഫെവിക്കോള്‍. അവയില്‍ പലതും മാര്‍ക്കറ്റിങ് രംഗത്ത് പുതിയ പ്രവണതകള്‍ക്ക് തുടക്കമിടാനും ഇടയായിട്ടുണ്ട്. എന്തായാലും, ഫെവിക്കോളിന്റെ പുതിയ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും രസകരമായ കാര്യം പരസ്യം വയറൽ ആയതിനുപിന്നാലെ ഫെവികോൾ ഉൽപ്പന്നങ്ങൾ ഇറക്കുന്ന പിഡിലൈറ്റ് കമ്പനിയുടെ ഓഹരി വിലകളും വർദ്ധിച്ചു എന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക