ഒരു നിമിഷത്തെ തീരുമാനങ്ങള്‍ പലരെയും ജീവിതത്തിലേക്ക് തിരികെ പിടിച്ചുകയറ്റുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം ട്രെയിനിന് മുന്നിലേക്ക് ചാടാന്‍ പോയ യുവതിയെ ഒരു നിമിഷം പോലും കാത്തുനില്‍ക്കാതെ ചാടി രക്ഷപ്പെടുത്തുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടിരിക്കുന്ന നായയെ രക്ഷിക്കാന്‍ ജീവന്മരണ പോരാട്ടം നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ പങ്കുവെച്ചത്. റെയില്‍വേ ട്രാക്കില്‍ കെട്ടിയിട്ടിരിക്കുകയാണ് നായയെ. ഈ സമയം ഒരുരക്ഷകനെ പോലെ യുവാവ് സര്‍വശക്തിയുമെടുത്ത് ഓടി വരുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ അതിവേഗത്തിലാണ് ട്രെയിന്‍ പാഞ്ഞെടുക്കുന്നത്.
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ നായയെ യുവാവ് രക്ഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ട്രാക്കിലെ കെട്ടഴിച്ച് നായയെ ട്രാക്കിന് വെളിയിലാക്കി സെക്കന്‍ഡുകള്‍ക്കകം ട്രെയിന്‍ കടന്നുപോകുന്നതാണ് വീഡിയോയുടെ അവസാനം.