പഴയ റെയില്‍ കോച്ചുകള്‍ റസ്‌റ്റോറന്‍റുകളാക്കി മാറ്റി വരുമാനം കൊയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരും ചരക്കുഗതാഗതവും മാത്രമല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയും വരുമാനമുണ്ടാക്കണമെന്ന റെയില്‍വേയുടെ പുതിയ നയത്തിന്‍റെ ഭാഗമായാണ് റെയില്‍ കോച്ച്‌ റസ്‌റ്റോറന്‍റ് പദ്ധതി. ഇത്തരത്തിലുള്ള ഏതാനും റെയില്‍ കോച്ച്‌ റസ്‌റ്റോറന്‍റുകള്‍ നിരവധി സ്‌റ്റേഷനുകളില്‍ ഉയര്‍ന്നു കഴിഞ്ഞു.

ട്രെയിന്‍ യാത്രക്കാര്‍ക്കും പൊതുജനത്തിനും ഈ റസ്‌റ്റോറന്‍റുകളെ ആശ്രയിക്കാം. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് ഇക്കാര്യത്തില്‍ ആദ്യ ചുവടുവെച്ചത്. അഞ്ച് വര്‍ഷത്തെ കരാറിനാണ് അവര്‍ റെയില്‍ കോച്ചുകള്‍ നല്‍കുക. ഇത് പ്രകാരം കരാറുകാരന് അഞ്ച് വര്‍ഷം റെയില്‍വേ നല്‍കുന്ന കോച്ച്‌ റസ്‌റ്റോറന്‍റുകള്‍ നടത്തിക്കൊണ്ടുപോകാം. പക്ഷെ ഈ കോച്ചുകളുടെ ഉടമസ്ഥാവകാശം റെയില്‍വേക്ക് തന്നെയായിരിക്കും. ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുന്ന പഴയ റെയില്‍ കോച്ചുകളാണ് മോടിപിടിപ്പിച്ച്‌ റെയില്‍ കോച്ച്‌ റസ്റ്റോറന്‍റുകളാക്കി മാറ്റുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള ജബല്‍പൂര്‍, ഭോപാല്‍ ഡിവിഷനുകളിലായി ഏഴ് സുപ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ 200 ചതുരശ്രയടിയില്‍ റെയില്‍ കോച്ചുകള്‍ റസ്റ്റോറന്‍റുകള്‍ ഉയരും. ഏകദേശം അഞ്ച് വര്‍ഷത്തില്‍ 4.7 കോടിയുടെ ഏകദേശ വരുമാനം ഈ റെയില്‍ കോച്ച്‌ റസ്‌റ്റോറന്‍റുകള്‍ വഴി റെയില്‍വേയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭോപ്പാല്‍, ജബല്‍പൂര്‍ ഡിവിഷനുകള്‍ക്ക് കീഴിലുള്ള ഭോപാല്‍, ഇതര്‍സി, ജബല്‍പൂര്‍, മദന്‍ മഹല്‍, രേവ, കട്‌നി മുര്‍വാര, സത്‌ന എന്നീ സ്റ്റേഷനുകളിലാണ് റെയില്‍വേ റസ്റ്റോറന്റുകള്‍ സ്ഥാപിക്കാന്‍ പോകുന്നത്.

ഭാവനാത്മകമെങ്കിലും കോച്ച്‌ റസ്‌റ്റോറന്‍റ് എന്ന ആശയം പുതിയതല്ല. പണ്ട് ബംഗാളിലെ അസന്‍സോളില്‍ ഇത്തരത്തില്‍ ഒരു കോച്ച്‌ റസ്‌റ്റോറന്‍റ് റെയില്‍വേ സ്ഥാപിച്ചിരുന്നു. ‘ചക്രങ്ങളിലുരുളുന്ന റസ്റ്റോറന്‍റ്’ എന്ന പേരില്‍ ഈ കോച്ച്‌ റസ്‌റ്റോറന്‍റ് അസന്‍സോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക