തിരുവനന്തപുരം: സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തെ പരോക്ഷമായി പരിഹസിച്ച്‌ മുന്‍ എംഎല്‍എ എല്‍​ദോ എബ്രഹാം. മസാലദോശയും ചമ്മന്തിയുമില്ലാത്ത ആര്‍ഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എല്‍ദോ ഫേസ്ബുക്കില്‍ കുറിച്ചത്. മൂവാറ്റുപുഴയിലെ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച പാര്‍ട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയാണ് ഇതെന്നാണ് വിലയിരുത്തല്‍.

എല്‍ദോയുടെ ആര്‍ഭാട വിവാ​ഹം മൂവാറ്റുപുഴയിലെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണമായെന്നായിരുന്നു സിപിഐ ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തല്‍. എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവാണ് ഈ കണ്ടെത്തല്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്. വിവാഹ നടത്തിപ്പിന് നേതൃത്വം നല്‍കിയ നേതാവ് തന്നെ വിമര്‍ശനമുന്നയിച്ചപ്പോള്‍ യോഗത്തില്‍ ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ നല്‍കിയത്. അന്ന് വിവാഹത്തിന്‍റെ കാര്‍മ്മികരില്‍ ഒരാളായി നിന്നപ്പോഴും പഴയിടത്തിന്‍റെ സദ്യ കഴിച്ചപ്പോഴും ഈ തോന്നല്‍ ഉണ്ടായില്ലേ എന്നായിരുന്നു കാനം രാജേന്ദ്രന്‍റെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്‍ദോ എബ്രഹാമിന്റെ ഫേസ്ബുക്ക് കുറിപ്പ്:

മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത…..ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ….ഞങ്ങളുടെ മകള്‍ക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ലളിതമായ മാമ്മോദിസ ചടങ്ങ്. എലൈന്‍ എല്‍സ എല്‍ദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോള്‍ അതിഥിയായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്. എലൈന്‍ എന്നാല്‍ “സൂര്യനെപ്പോലെ പ്രകാശിക്കുന്നവള്‍ ” ഞങ്ങള്‍ ഉറച്ച്‌ വിശ്വസിക്കുന്നു ഇവള്‍ വേഗതയില്‍ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നന്‍മയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവര്‍ക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിന്‍മകള്‍ക്കെതിരെ പടവാള്‍ ഉയര്‍ത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പതാകവാഹകയാകും. എന്റെയും ഭാര്യ ഡോക്ടര്‍ ആഗിയുടെയും ബന്ധുക്കള്‍ മാത്രം ചടങ്ങിന്റെ ഭാഗമായി.ജലത്താല്‍ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈന്‍ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നിറയെ ഞങ്ങളുടെ കുഞ്ഞുമോള്‍… മാലാഖ…. പ്രതീക്ഷയുടെ പൊന്‍കിരണമാണ്.ചടങ്ങില്‍ സംബന്ധിച്ച കുടുംബാംഗങ്ങള്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് നന്ദി…..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക