തിരുവനന്തപുരം: ഡിസിസി പുന:സംഘടനയെ ചൊല്ലിയുള്ള വിവാദം കോണ്‍ഗ്രസില്‍ പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന് ഉറപ്പായി.

വിട്ടുവീഴ്ചക്കില്ലെന്നാണ് എ-ഐ ഗ്രൂപ്പുകളുടേയും സംസ്ഥാന നേതൃത്വത്തിന്‍റേയും നിലപാട്. പൂര്‍ണ്ണമായും ഒതുക്കാന്‍ ശ്രമം നടന്നുവെന്ന കരുതുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സമ്മര്‍ദ്ദ നീക്കങ്ങള്‍ തുടരും. അതേ സമയം ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് വഴങ്ങേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയല്ല കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ പ്രധാന പ്രശ്നം. തങ്ങളെ ഒതുക്കി ഇല്ലാതാക്കാനാണ് ശ്രമമെന്ന് തിരിച്ചറിഞ്ഞാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിനെതിരെ വാളെടുത്തത്. സ്വന്തം ജില്ലകളില്‍ വരെ നോമിനികളെ വെട്ടി പരിപൂര്‍ണ്ണ വെട്ടിനിരത്തല്‍ സംസ്ഥാന നേതൃത്വം ലക്ഷ്യമിട്ടതിലാണ് ഇരുനേതാക്കള്‍ക്കും അമര്‍ഷം. കോട്ടയത്ത് ഉമ്മന്‍ചാണ്ടി നല്‍കിയ മൂന്നംഗ പട്ടികയിലെ ഫില്‍സണ്‍ മാത്യുവിനെ സംസ്ഥാന നേതൃത്വം അവസാന നിമിഷം ഒപ്പം നിര്‍ത്തിയെന്നാണ് എ ഗ്രൂപ്പ് പരാതി.

ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ സമീപിച്ചതോടെ ഒടുവില്‍ ദില്ലി ഇടപെട്ട് നാട്ടകം സുരേഷിലെത്തിച്ചത് സമ്മര്‍ദ്ദങ്ങളുടെ വിജയമാണെന്ന് എ ഗ്രൂപ്പ് കരുതുന്നു. കെസി വേണുഗോപാല്‍ നിര്‍ദ്ദേശിച്ച കെപി ശ്രീകുമാറിനെ മാറ്റി ബാബുപ്രസാദിനെ ആലപ്പുഴയില്‍ പ്രസിഡന്റാക്കിയത് നേട്ടമായി ഐ ഗ്രൂപ്പും കാണുന്നു. പുതിയ നേതൃത്വം ഗ്രൂപ്പില്ലെന്ന് പുറത്ത് പറഞ്ഞ് ഗ്രൂപ്പുണ്ടാക്കുകയാണെന്ന് വിമര്‍ശിച്ച്‌ സമ്മര്‍ദ്ദ നീക്കങ്ങള്‍ തുടരാനാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം.

എന്നാല്‍ ഒപ്പമുള്ളവര്‍ പുതിയ അധികാരകേന്ദ്രങ്ങളോട് അടുക്കുന്നത് ഗ്രൂപ്പ് നേതാക്കള്‍ക്ക് വലിയ വെല്ലുവിളിയാണ്. ഗ്രൂപ്പ് താത്പര്യത്തോട് ഹൈക്കമാന്റ് നോ പറയുന്നതിലാണ് വിഡി സതീശന്റെയും കെ സുധാകരന്റെയും പ്രതീക്ഷ. വിമര്‍ശനം ഗ്രൂപ്പിന് വേണ്ടിമാത്രമാണെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞ് ലക്ഷ്യമിട്ടത് മാറ്റത്തിനാണെന്ന വിശദീകരണം ഇരുനേതാക്കളും ആവര്‍ത്തിക്കും. ആലപ്പുഴയും കോട്ടയവും ഒഴികെ 12 ഇടത്തും പ്രസിഡന്റുമാരായവര്‍ക്ക് പേരില്‍ ഗ്രൂപ്പുണ്ടെങ്കിലും, ഇവര്‍ പുതിയ നേതൃത്വവുമായി നല്ല അടുപ്പമുള്ളവരാണ്. എന്നാല്‍ ഉടക്കി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മറികടന്ന് മുന്നോട്ട് പോകല്‍ ഡിസിസി അധ്യക്ഷന്മാര്‍ക്കും സംസ്ഥാന നേതൃത്വത്തിനും പ്രതിസന്ധിയാണ്. ചുരുക്കത്തില്‍ കേരളത്തിലെ പ്രശ്നം തീര്‍ക്കാന്‍ ഹൈക്കമാന്റ ഏറെ പാടുപെടുമെന്ന് വ്യക്തം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക