മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ എറണാകുളത്ത് കെഎസ്‌യു പ്രവർത്തകർ കഴിഞ്ഞദിവസം കരിങ്കൊടി കാണിച്ചിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥൻ കെഎസ്‌യു വനിത പ്രവർത്തകയും ജില്ലാ സെക്രട്ടറിയുമായ മിവ ജോളിയെ കോളറിന് പിടിച്ചു വലിച്ചിഴച്ചു. വനിതാ പ്രവർത്തകയെ പുരുഷ പോലീസ് ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്ത രീതിയിൽ രൂക്ഷ പ്രതികരണമാണ് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് നടത്തിയത്. തെമ്മാടിത്തരം കാണിച്ചാൽ പോലീസുകാരുടെ കൈവെട്ടും എന്ന നിലയിലുള്ള പരാമർശമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ നടത്തിയത്.

പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെ കളമശേരി പൊലീസ് കേസെടുത്തു. എന്നാൽ തന്റെ നിലപാടിൽ നിന്ന് കടുകിട പോലും പിന്നോട്ട് പോകാതെയാണ് മുഹമ്മദ് ഷിയാസ് ഈ വിഷയത്തിൽ തുടർ പ്രതികരണം നടത്തിയിരിക്കുന്നത്. കേസിനെ കോടതിയിൽ നേരിട്ടോളാം എന്നും പക്ഷേ പോലീസിനെ ചില മനോരോഗികൾക്ക് ഉള്ള മറുപടി വേണ്ടിവന്നാൽ തെരുവിൽ തന്നെ നൽകുമെന്നും തുടർ പോസ്റ്റിലൂടെ മുഹമ്മദ് ഷിയാസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ബാഹുബലി സിനിമ കണ്ടാൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഭാര്യയെ അപമാനിക്കുന്ന കഥാപാത്രത്തെ ബാഹുബലി രാജസദസ്സിൽ കൈകാര്യം ചെയ്യുന്ന രംഗം സൂചിപ്പിച്ചാണ് പരാമർശം എന്നാണ് വിലയിരുത്തൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:

കേസ്, അറസ്റ്റ് എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ വരരുത്.
മീശ പിരിച്ചു കാട്ടുന്നതൊക്കെ ചെറിയ പിള്ളേരോട് മതി. ഒരുപാട് കേസും കോടതിയും കണ്ട് വളർന്നവരാണ് ഞങ്ങളൊക്കെ. കേസെന്ന് കേൾക്കുമ്പോൾ ബോധം കെട്ട് പോകുന്നവരോ, മുണ്ട് നനയ്ക്കുന്നവരോ അല്ല കോൺഗ്രസ് പ്രവർത്തകർ. എല്ലാ തോന്ന്യാസത്തിനും കൂട്ട് നിന്നിട്ട് ജനകീയ സമരങ്ങളെ അടിച്ചമർത്താൻ നോക്കരുത്. കേസെടുക്കാനല്ലേ നിങ്ങൾക്ക് കഴിയൂ, വിചാരണയും വിധിയുമൊക്കെ കോടതിയിലല്ലേ. അത് ഞങ്ങൾ നേരിട്ടോളം. പക്ഷെ പൊലീസിലെ ചില മനോരോഗികൾക്കുള്ള മറുപടി വേണ്ടി വന്നാൽ തെരുവിൽ തന്നെ നൽകും.

പറഞ്ഞാൽ പറഞ്ഞത് തന്നെയാണ്. ജനകീയ സമരം മുൻനിർത്തി സമരം ചെയ്യുന്ന പെൺകുട്ടികളെ പുരുഷ പോലീസുകാർ കടന്നു പിടിക്കാനും അധിക്ഷേപിക്കാനും മർദിക്കാനും ശ്രമിച്ചാൽ കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല. ഇനിയും കലങ്ങിയിട്ടില്ലാത്തവർ ബാഹുബലി സിനിമ ഒന്ന് കൂടി കണ്ടാൽ നല്ലത് പോലെ കലങ്ങി തെളിയും.

ഏതെങ്കിലും പോലീസുകാരന്റെ കൈത്തരിപ്പ് മാറ്റാനുള്ളതല്ല ഞങ്ങളുടെ സഹോദരിമാർ. ഡി സി സി പ്രസിഡൻറായി തുടരുന്നിടത്തോളം എന്റെ ജീവൻ നൽകിയും പ്രവർത്തകരെ ഞാൻ സംരക്ഷിക്കും. ജനങ്ങളുടെ വിഷയം ഏറ്റെടുത്ത് ഇനിയും ഞങ്ങളുടെ അമ്മമാരും സഹോദരിമാരും തെരുവിലിറങ്ങി സമരം ചെയ്യും. ഇനിയൊരു സ്ത്രീയുടെയും നേരെ നിങ്ങളുടെ കയ്യുയരില്ല. ഇത് താക്കീത് തന്നെയാണ്.

ഇന്നാട്ടിൽ ചില നിയമങ്ങളും ചട്ടങ്ങളുമൊക്കെയുണ്ട്. പോലീസ് ആണെങ്കിൽ അത് പാലിക്കണം. നിയമവും ന്യായവും ഒരു പോലെ നടപ്പാക്കാനാണ് പോലീസ്. അവർ തന്നെ നിയമലംഘകരാകുന്നത് അംഗീകരിക്കാനാവില്ല……….
സമരം തുടരുക തന്നെ ചെയ്യും……….

https://m.facebook.com/story.php?story_fbid=pfbid0ZCV3wduef6EF9wyjv36atgrXRWiAbTzU95y4EjYXosfK7CJuVqPpRNqrXVyBoNvTl&id=100063839944729&mibextid=Nif5oz

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക