ഡിസിസി ലിസ്റ്റുമായി ബന്ധപ്പെട്ട് മതിയായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തില്‍ മനോവിഷമമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഗ്രൂപ്പുകാരെ മാത്രമാണ് പരിഗണിച്ചത്. അന്നൊക്കെ ആരോടാണ് ചര്‍ച്ച നടത്തിയതെന്നും സുധാകരന്‍ ചോദിച്ചു.

ഉമ്മന്‍ചാണ്ടിയുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി താല്‍പര്യമുള്ളവരുടെ പേരും പറഞ്ഞു. അവര്‍ പട്ടികയിലുമുണ്ട്. രമേശ് ചെന്നിത്തലയോടും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി എഴുതിയ ലിസ്റ്റ് തരാമെന്ന് പറഞ്ഞു. പിന്നീട് തന്നില്ലെന്നും ചര്‍ച്ച നടന്നില്ലെന്ന് പറയുന്നവര്‍ അവരുടെ കാലത്ത് എത്ര ചര്‍ച്ചകള്‍ നടത്തിയെന്നും സുധാകരന്‍ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രംഗത്ത് എത്തിയിരുന്നു. ഫലപ്രദമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്ന ആരോപണമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉന്നയിക്കുന്നത്. ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഇത്രയും മോശമായ ഒരു അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്ന് മാത്രമല്ല ചര്‍ച്ച ചെയ്യാതെ ചര്‍ച്ച ചെയ്തുവെന്ന് വരുത്തിതീര്‍ത്തുവെന്ന് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചിരുന്നു. ഫലപ്രദമായി ചര്‍ച്ച നടന്നിട്ടില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക