തിരുവനന്തപുരം: വിവാ​ദ ചാറ്റുകള്‍ പുറത്തു വന്നതോടെ ആര്‍സി ബ്രി​ഗേഡിനെ തള്ളി രമേശ് ചെന്നിത്തല രം​ഗത്ത്. രമേശ് ചെന്നിത്തലയുടെ അറിവോടെയും സമ്മതത്തോടെയും ഒരു വാട്സ്‌ആപ്പ് ഗ്രൂപ്പും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ ഓഫീസ് വ്യക്തമാക്കുന്നത്.ഇപ്പോള്‍ നടക്കുന്നത് ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം മാത്രമാണ്. ആര്‍ സി ബ്രിഗേഡ് എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പുമായും രമേശ് ചെന്നിത്തലയ്ക്കോ ഓഫീസിനോ യാതൊരു ബന്ധവുമില്ല എന്നും അറിയിപ്പില്‍ പറയുന്നു.

ഡിസിസി പുനഃസംഘടനുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പോര് പുതിയ തലങ്ങളിലേക്ക് എത്തിയതോടെയാണ് ആര്‍ സി ബ്രി​ഗേഡും വിവാദങ്ങളില്‍ ഇടംപിടിച്ചത്. കെ സി വേണുഗോപാലിനും വിഡി സതീശനും എതിരെ പരസ്യപ്രസ്താവനയുമായാണ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന ആര്‍സി ബ്രിഗേഡ് രം​ഗത്തെത്തിയത്. ബ്രിഗേഡിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് ഇരുവര്‍ക്കുമെതിരെ പടയൊരുക്കത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തു വന്നാല്‍ ഉടന്‍ പ്രശ്നമുണ്ടാക്കണമെന്ന് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചാരണം കടുപ്പിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.’ഡിസിസി പ്രസിഡന്റ് ആകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സുകാരെ ഇളക്കിവിടണമെന്നും’ വാട്സ് ആപ്പ് ചാറ്റില്‍ ആഹ്വാനം നല്‍കുന്നു. ‘പറ്റുമെങ്കില്‍ ഉമ്മന്‍ ചാണ്ടി സാറിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ഒന്നു കമ്യൂണിക്കേറ്റ് ചെയ്തിട്ട് ജോയിന്റ് അറ്റാക്ക് തിരിച്ചു നല്‍കണമെന്നും’ എന്നുമാണ് ചാറ്റില്‍ പറയുന്നത്.ഡിസിസി പ്രസിഡന്റ് സാധ്യതാപട്ടികയെച്ചൊല്ലി കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പോസ്റ്റര്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെയും, കൊല്ലത്തുകൊടിക്കുന്നില്‍ സുരേഷിനും തിരുവനന്തപുരത്ത് ശശി തരൂര്‍ എംപിക്കെതിരെയുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കെ സി വേണുഗോപാലിനും വി ഡി സതീശനുമെതിരെ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

പ്രബല ഗ്രൂപ്പുകളെ പിണക്കിക്കൊണ്ട് ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചാല്‍ നേതൃത്വവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പുകളിലെ നേതാക്കള്‍ക്കിടയിലെ ധാരണ. ഡല്‍ഹി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് വി ഡി സതീശനാണെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കെ സി വേണുഗോപാല്‍ ആണെന്നും ഗ്രൂപ്പുകള്‍ കണക്കുകൂട്ടുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സതീശനും വേണുഗോപാലിനും എതിരെ പ്രചാരണം കടുപ്പിക്കാന്‍ ഗ്രൂപ്പുകള്‍ തീരുമാനിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക ഹൈക്കമാന്‍ഡ് പുറത്തുവിടുമെന്നാണ് സൂചന. ഹൈക്കമാന്‍ഡുമായി അന്തിമവട്ട ചര്‍ച്ചകള്‍ക്കായി വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്.

ഡിസിസി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കെ സുധാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമപട്ടിക സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന വിധത്തില്‍ ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വെറും നുണപ്രചരണവുമാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാദം. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരുന്ന സാഹചര്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ കൂടുതല്‍ യുവാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നാണ് ഹൈക്കമാന്റ് നിലപാട്. സാമുദായിക പരിഗണനക്കൊപ്പം കഴിവും സംഘടനാ മികവും ആയിരിക്കണം മാനദണ്ഡമെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചു. എന്നാല്‍, ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഹൈക്കമാന്റിന് കൈമാറിയതിന് പിന്നാലെ പ്രതിഷേധവുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേരളത്തില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് നീക്കമെന്ന് ഹൈക്കമാന്റിനെ നേതാക്കള്‍ പരാതി അറിയിച്ചു.ഡിസിസി ഭാരവാഹികളെ ഏകപക്ഷീയമായി തീരുമാനിക്കാനുള്ള സുധാകരന്റെയും സതീശന്റെയും നീക്കത്തോട് സഹകരിക്കില്ലെന്ന നിലപാട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്റിനെ അറിയിച്ചത്. കൂടിയാലോചന നടത്താതെ പ്രത്യേക ഗ്രൂപ്പുണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിമര്‍ശനവും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നത്തയും ഉയര്‍ത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക