
തിരുവനന്തപുരം: പെന്ഷന് പരിഷ്കരണത്തെ തുടര്‍ന്ന് ലഭിക്കേണ്ട കുടിശ്ശിക ലഭിക്കാന്‍ സത്യവാങ്മൂലം നല്‍കേണ്ട സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടാന്‍ ധനവകുപ്പ് തീരുമാനിച്ചു. ജൂണ്‍ 30നകം സത്യവാങ്മൂലം നല്കാത്തവരുടെ മൂന്നാം ഗഡു കുടിശ്ശികവിതരണം തടയാന്‍ നേരേത്ത നിര്‍ദേശം നല്‍കിയിരുന്നു. അതിലാണ് മാറ്റം വരുത്തിയത്. വിരമിച്ച സര്‍വിസ്, എക്സ്ഗ്രേഷ്യ, പാര്‍ട്ട്ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരുടെ പെന്ഷന് പരിഷ്കരണം കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതലാണ് നടപ്പാക്കിയത്.കുടിശ്ശിക തുക 2021 ഏപ്രില്‍, േമയ്, ആഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍ വിതരണം ചെയ്യാനാണ് തീരുമാനിച്ചത്. കോവിഡ് സാഹചര്യത്തില്‍ ജൂണ്‍ 30ന് മുമ്ബ് സത്യവാങ്മൂലം നല്‍കണമെന്നും ഇല്ലെങ്കില്‍ ആ പെന്‍ഷന്‍കാരുടെ മൂന്നാമത് ഗഡു മുതല്‍ കുടിശ്ശിക വിതരണം താല്‍ക്കാലികമായി നിര്‍ത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഭൂരിപക്ഷം പെന്‍ഷന്‍കാര്‍ക്കും സത്യവാങ്മൂലം സമര്‍പ്പിക്കാനായിട്ടില്ല. ഇക്കാര്യം പെന്ഷന് സംഘടനകള്‍ സര്‍ക്കാറിനെ അറിയിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
30-9-21ന് മുമ്ബ് സത്യവാങ്മൂലം സമര്‍പ്പിക്കാത്ത പെന്‍ഷന്‍കാരുടെ നാലാമത് ഗഡു പെന്ഷന് കുടിശ്ശിക വിതരണം താല്‍ക്കാലികമായി നിര്‍ത്തിെവക്കും. സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കിലും അതത് മാസത്തെ പെന്ഷന് വിതരണം തടയില്ല. എന്നാല്‍ ഒക്ടോബര്‍ ഒന്നിന് ശേഷം സത്യവാങ്മൂലം ലഭിച്ചാല്‍ നാലാം ഗഡു പെന്ഷന് കുടിശ്ശിക സത്യവാങ്മൂലം ട്രഷറിയില്‍ ലഭിച്ച് 30 ദിവസത്തിനകമാകും വിതരണം ചെയ്യുക.