മലപ്പുറം: സ്ത്രീവിരുദ്ധ പരാമര്‍ശ നടത്തുകയും വനിത പ്രവര്‍ത്തകരെ അപമാനിക്കുകയും ചെയ്ത എംഎസ്‌എഫ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്‌എഫിന്റെ വനിത വിഭാഗം വനിത കമ്മീഷനെ സമീപിച്ചു. യോഗത്തിനിടെ അപമാനിച്ചെന്ന് കാണിച്ച്‌ വനിത വിഭാഗമായ ഹരിതയുടെ പത്തോളം നേതാക്കളാണ് പരാതി നല്‍കിയത്. മുസ്ലീം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹരിതയുടെ പുതിയ നീക്കം. സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബ് എന്നിവര്‍ക്ക് എതിരെയാണ് പരാതി. നവാസ് അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ജനറല്‍ സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്.

ജൂണ്‍ 22ന് കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമര്‍ശങ്ങളാണ് പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പി.കെ.നവാസ് സംഘടനകാര്യങ്ങളില്‍ വനിത നേതാക്കളോട് അഭിപ്രായം ചോദിച്ച്‌ സംസാരിക്കവെ ‘വേശ്യയ്‌ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ’ എന്നാണ് പരാമര്‍ശിച്ചത്. എംഎസ്‌എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും, ഇവര്‍ക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച്‌ മാനസികമായും സംഘടനാപരമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘടനയുടെ അകത്തും പുറത്തും വഴിപ്പെട്ട് നില്‍ക്കണം. ഇല്ലെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പൊതുമധ്യത്തില്‍ പറഞ്ഞു നടക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. തങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിത കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എംഎസ്‌എഫ് യോഗം സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് വേദിയാകുന്നതായി നേരത്തേയും ഹരിതയുടെ ഭാരവാഹികള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇടപെടാന്‍ മുസ്ലീം ലീഗ് നേതൃത്വം തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പത്ത് സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ട് വനിത കമ്മീഷന് പരാതി കൈമാറിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക