കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനെ ചുമതലപ്പെടുത്തുന്ന വത്തിക്കാന്‍ പൗരസ്ത്യ കാര്യാലയത്തിന്റെ സര്‍ക്കുലര്‍ പുറത്ത്. അതിരൂപതയ്ക്ക് പ്രത്യേക ഇളവ് ലഭിച്ചതായി കാണിച്ച്‌ മാര്‍ കരിയില്‍ ഇന്നലെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരമൊരു ഇളവ് അനുവദിച്ചതായി അറിയില്ലെന്ന് പറഞ്ഞ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ കരിയിലിനോട് വിശദീകരണം തേടുകയും പുതുക്കിയ കുര്‍ബാനക്രമം നാളെ മുതല്‍ നിലവില്‍ വരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് മാര്‍ കരിയിലിനെ ചുമതലപ്പെടുത്തുന്ന പൗരസ്ത്യ കാര്യാലയം അധ്യക്ഷന്‍ കര്‍ദിനാള്‍ ലിയനാര്‍ദോ സാന്ദ്രിയുടെ കത്ത് എറണാകുളം അങ്കമാലി അതിരൂപതയും പുറത്തുവിട്ടത്. പുതിയ കുര്‍ബാന ക്രമം നടപ്പാക്കുന്നതില്‍ അതിരൂപതയ്ക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും അതിനാല്‍ കാനോന്‍ നിയമത്തിലെ 1538 പ്രകാരം രൂപതാ മെത്രാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച്‌ ജനാഭിമുഖ കുര്‍ബാന തുടരാമെന്നും മെത്രാനുള്ള അധികാരം ഒരിക്കലും പിന്‍വലിച്ചിട്ടില്ലെന്ന കാര്യവും പൗരസ്ത്യ കാര്യാലയം പ്രത്യേകം അറിയിച്ചു. മാത്രമല്ല, ഈ അധികാരം പ്രയോഗത്തില്‍ വരുത്തുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ 2020 നവംബര്‍ 9ന് മേജര്‍ ആര്‍ച്ച്‌ ബിഷപിന് അയച്ച കത്തില്‍ സൂചിപ്പിക്കുകയല്ലാതെ, ആ അധികാരത്തെ ഒരു വിധത്തിലും പരിമിതപ്പെടുത്തിയിട്ടില്ലെന്നും പൗരസ്ത്യ കാര്യാലയം കത്തില്‍ പ്രത്യേകം എടുത്തു പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കേണ്ടിവന്നതെന്ന് 2022 ജനുവരിയില്‍ നടക്കുന്ന സമ്ബൂര്‍ണ സിനഡില്‍ മാര്‍ കരിയിലില്‍ വിശദീകരിക്കണമെന്നും കര്‍ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി കത്തില്‍ പറയുന്നു. പൗരസ്ത്യ കാര്യാലയത്തില്‍ നിന്നുള്ള കത്ത് സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലും ലഭിച്ചിട്ടുണ്ടാകാമെന്നും അല്ലെങ്കില്‍ വത്തിക്കാന്‍ സ്ഥാനപതി വഴി ഉടന്‍ ലഭിച്ചേക്കുമെന്നും അതിരൂപതയിലെ ഒരു മുതിര്‍ന്ന വൈദികന്‍ പ്രതികരിച്ചു.

അതിരൂപതയ്ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള കത്ത് ഇന്നലെ വൈകിട്ടാണ് പൗരസ്ത്യ കാര്യാലയത്തില്‍ നിന്ന് മാര്‍ കരിയിലിന് നല്‍കിയത്. ഉടന്‍തന്നെ ഇതുസംബന്ധിച്ച അറിയിപ്പ് അദ്ദേഹം അതിരൂപതയ്ക്കും നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളി സിറോ മലബാര്‍ സിനഡ് രംഗത്തെത്തുകയും അത്തരമൊരു ഇളവിനെ കുറിച്ച്‌ അറിയില്ലെന്നും വത്തിക്കാനില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കര്‍ദിനാള്‍ അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് സഭയില്‍ ഏറെക്കാലമായി നിന്നിരുന്ന ഭിന്നത പരസ്യമായി പുറത്തുവരുന്നത്. ഭൂമി വില്‍പ്പന വിവാദം മുതല്‍ മാര്‍ ആലഞ്ചേരിയും എറണാകുളത്തെ വൈദികരും വിശ്വാസികളും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായിരുന്നു. കുര്‍ബാന വിഷയം കൂടി വന്നതോടെ ഏറ്റുമുട്ടല്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ് കൂടിയായ കര്‍ദിനാളും രൂപതയുടെ ആര്‍ച്ച്‌ബിഷപും തമ്മിലായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക