കൊച്ചി: സിറോ മലബാർ സഭയുടെ പുതിയ കുർബാനക്രമത്തിൽ കാർമികൻ ബലിപീഠത്തിന് അഭിമുഖമായി നിൽക്കുന്നത് കൂദാശഭാഗം മുതൽ കുർബാനസ്വീകരണം വരെയാണ്. മറ്റു സമയങ്ങളിൽ ജനാഭിമുഖമായി ശുശ്രൂഷ നിർവഹിക്കും.

വിവിധ ഘട്ടങ്ങൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. യേശുവിന്റെ മനുഷ്യാവതാരവും പരസ്യജീവിതവും അനുസ്മരിക്കുന്ന വചനശുശ്രൂഷാവേളയിൽ കാർമികൻ ജനാഭിമുഖമായി നിൽക്കണമെന്നു പുതിയ ക്രമം നിർദേശിക്കുന്നു. യേശു ശുശ്രൂഷ നിർവഹിച്ചത് ജനങ്ങൾക്കിടയിലാണ് എന്നു സഭ വിശദീകരിക്കുന്നു.

2. കൂദാശഭാഗം (അനാഫൊറ) മുതൽ കുർബാനസ്വീകരണം വരെ ബലിപീഠത്തിന് അഭിമുഖമായി കാർമികൻ നിൽക്കുന്നു. ഉത്ഥിതനായ യേശുവിനെ പ്രതീക്ഷിച്ച് കിഴക്കോട്ടു തിരിഞ്ഞു പ്രാർഥിക്കുന്നതിനെ ഇതു സൂചിപ്പിക്കുന്നു. ‘കിഴക്കോട്ട്’ എന്നതിന് കർത്താവിങ്കലേക്കു തിരിയുക എന്നാണ് അർഥമെന്നു വിശദീകരണം. തീർഥാടകസമൂഹത്തെ പ്രാർഥനയിലൂടെയും ആരാധനയിലൂടെയും നയിക്കുക എന്നതാണു കാർമികന്റെ കടമ.

3. കുർബാന സ്വീകരണത്തിനുശേഷം വീണ്ടും ജനാഭിമുഖമായി നിലകൊള്ളുന്നു.

കുർബാന പ്രാർഥനകളിലെ പ്രധാന മാറ്റങ്ങൾ:

• ‘അത്യുന്നതമാം’ എന്ന ഗീതത്തിന്റെ പ്രത്യുത്തരത്തിൽ ‘ഭൂമിയിലെങ്ങും’ എന്നത് ‘ഭൂമിയിലെന്നും’ എന്നാക്കി.

• ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥനാരൂപം മാത്രം കുർബാനക്രമത്തിൽ ചേർത്തിരിക്കുന്നു. ‘ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ’ എന്നത് ‘ഞങ്ങൾ ക്ഷമിച്ചതുപോലെ’ എന്നു മാറ്റി.

• ‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ’ എന്നത് ‘ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ’ എന്നു മാറ്റി.

• ‘സർവാധിപനാം…’ എന്ന ഗീതത്തിന്റെ സമയത്ത് മദ്ബഹ മുതൽ പ്രധാന കവാടം വരെ ധൂപാർപ്പണം ഉചിതമായിരിക്കുമെന്ന നിർദേശം ചേർത്തിട്ടുണ്ട്.

• ‘സർവാധിപനാം കർത്താവേ, നിന്നെ വണങ്ങി നമിക്കുന്നു…’ എന്നതു മാറ്റി. പകരം ‘നിൻ സ്തുതി ഞങ്ങൾ പാടുന്നു’ എന്നാണുള്ളത്.

• ‘പരിപാവനനാം സർവേശാ’ എന്നു തുടങ്ങുന്ന ഗീതത്തിൽ ‘നിൻ കൃപ ഞങ്ങൾക്കേകണമേ’ എന്നത് ‘കാരുണ്യം നീ ചൊരിയണമേ’ എന്നാക്കി. ഈ ഗീതത്തിന്റെ ഗദ്യരൂപത്തിൽ ‘ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ’ എന്നത് ‘കരുണയുണ്ടാകണമേ’ എന്നാക്കി.

• വിശുദ്ധഗ്രന്ഥ വായനകൾക്കു മുൻപ് കാർമികന്റെ ആശിർവാദം ശുശ്രൂഷി യാചിക്കുമ്പോൾ ‘ഗുരോ ആശിർവദിക്കണമേ’ എന്നത് ‘കർത്താവേ ആശിർവദിക്കണമേ’ എന്നാക്കി. ‘ദൈവം നിന്നെ അനുഗ്രഹിക്കട്ടെ’ എന്നതിൽ ‘നിന്നെ’ എന്ന വാക്ക് ഒഴിവാക്കി.

• വിശ്വാസപ്രമാണം കഴിഞ്ഞുള്ള പ്രാർഥന ‘പാത്രിയർക്കീസുമാരും മേജർ ആർച്ച്ബിഷപ്പുമാരും മെത്രാപ്പൊലീത്തമാരും മെത്രാൻമാരുമായ നമ്മുടെ പിതാക്കൻമാർ’ എന്നു തിരുത്തി. സിറോ മലബാർ സഭയ്ക്കു മേജർ ആർക്കിഎപ്പിസ്കോപ്പൽ പദവി ഉള്ളതിനാലാണിത്.

• സമാധാനം നൽകുന്നതിനുള്ള ആഹ്വാനം ‘നിങ്ങൾ സമാധാനം നൽകുവിൻ’ എന്നാക്കി. ‘മിശിഹായാണ് നമ്മുടെ സമാധാനം’ എന്നു പറഞ്ഞു കാർമികൻ ശുശ്രൂഷിക്കു നൽകുന്നു. അദ്ദേഹത്തിന്റെ കൈകളിൽനിന്ന്, ഒരാൾ മറ്റൊരാൾക്ക് എന്ന രീതിയിൽ സമൂഹത്തിലേക്കു പകരുന്നു.

• സ്ഥാപനവിവരണം രണ്ടാം ഭാഗത്തിൽ ‘പുതിയ ഉടമ്പടിയിലെ എന്റെ രക്തമാകുന്നു’ എന്നത് ‘പുതിയ ഉടമ്പടിയുടെ എന്റെ രക്തമാകുന്നു’ എന്നു മാറ്റി.

• മധ്യസ്ഥപ്രാർഥനയുടെ തുടക്കത്തിൽ മാർപാപ്പയ്ക്കുള്ള വിശേഷണം ‘പ്രധാനാചാര്യനും സാർവത്രികസഭയുടെ തലവനും ഭരണാധികാരിയുമായ റോമായിലെ’ എന്നതു മാറ്റി, ‘സാർവത്രികസഭയുടെ പിതാവും തലവനുമായ’ എന്നാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക