ഒരു സീസണിലും സഞ്ചാരികളെ നിരാശരാക്കാത്ത അത്ഭുത പറുദീസയാണ് കശ്മീർ. ഏത് സമയങ്ങളിലുമെത്തുന്ന സഞ്ചാരികളുടെ ഹൃദയം കുളിർക്കുന്ന കാഴ്ചകള്‍ കശ്മീർ കാത്തുവെക്കും. അതിമനോഹരമായ ഒരു മഞ്ഞുകാലത്തിന് ശേഷം വസന്തകാലത്ത് സഞ്ചാരികളെ വരവേല്‍ക്കുവാൻ ഒരുങ്ങുകയാണ് താഴ്വാരം.കശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് തോട്ടം.

ശ്രീനഗറിലെ ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പൂന്തോട്ടമാണ് ശനിയാഴ്ച തുറക്കുക. ദാല്‍ തടാകത്തിന് സമീപമാണ് ഈ പൂന്തോട്ടം. പലനിറങ്ങളിലുള്ള 73 തരം ടുലിപ്പുകള്‍ ഇവിടെ കാണാം. 55 ഹെക്ടറിലായി 17 ലക്ഷം ചെടികളാണ് ഇത്തവണ നട്ടത്.2007-ലാണ് ഇന്ദിരാ ഗാന്ധിയുടെ ഓർമയ്ക്കായി ടുലിപ് തോട്ടം നിർമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടക്കത്തില്‍ 50,000 ടുലിപ് ചെടികളുണ്ടായിരുന്നു. സന്ദർശകർ കൂടിയതോടെ തോട്ടം വിപുലമാക്കി. കഴിഞ്ഞവർഷം 3.65 ലക്ഷംപേരാണ് ടുലിപിന്റെ ഭംഗി ആസ്വദിക്കാൻ എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ടുലിപ് ഫെസ്റ്റിവല്‍ കാണാനായി എത്തുക. കശ്മീരിന്റെ സമ്ബന്നമായ സാംസ്കാരിക പാരമ്ബര്യം വിളിച്ചോതുന്ന നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. കശ്മീരിന്റെ രുചിവൈവിധ്യങ്ങള്‍ അറിയാനുള്ള ഭക്ഷണശാലകളും ഇവിടെ ഒരുക്കും.

ടുലിപ് പൂക്കള്‍ അധികകാലം വാടാതെ നില്‍ക്കാറില്ല. പൂക്കളുള്ള സമയത്ത് മാത്രമേ ഗാർഡനിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളു. അതിനാല്‍ ഏപ്രില്‍ അവസാനത്തോടെ ഗാർഡൻ അടയ്ക്കും. തുറക്കുന്ന സമയത്ത് രാവിലെ 8 മണി മുതല്‍ വൈകിട്ട് ഏഴുമണി വരെയാണ് പ്രവേശനം അനുവദിക്കുക. മുതിർന്നവർക്ക് 60 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ടിക്കറ്റ് ഫീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക