കേന്ദ്ര മന്ത്രിസഭയിൽ സംഘപരിവാറിന്റെ മാനസപുത്രനായ നിതിൻ ഗഡ്കരിയുമായി പിണറായിക്കുള്ളത് ആത്മബന്ധം; തലസ്ഥാനത്ത് എത്തിയപ്പോൾ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക് ക്ഷണിച്ച് ഭക്ഷണം ഒരുക്കി; ഡൽഹി സന്ദർശന വേളയിൽ ഒരിക്കൽ മന്ത്രിയുടെ ഓഫീസിൽ എത്തി അടച്ചിട്ട മുറിയിൽ രഹസ്യ ചർച്ചയും: പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുത്തതിന് പ്രേമചന്ദ്രനെ ക്രൂശിക്കുന്ന സൈബർ സഖാക്കൾ മുഖ്യമന്ത്രിയുടെ ഗഡ്കരി പ്രേമത്തെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് സോഷ്യൽ മീഡിയ.
നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പാർലമെൻ്റ് കാൻ്റീനില്‍ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച എൻ.കെ.പ്രേമചന്ദ്രൻ എംപിക്കെതിരെ ചന്ദ്രഹാസം ഇളക്കുന്നവർ 2019 ജൂണ്‍ 16ലെ ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ഈ വാർത്ത വായിക്കാണം. “ബിജെപി മുൻ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് ആതിഥ്യമരുളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ അവധിയാഘോഷത്തിന് കുടുംബസമേതം എത്തിയതായിരുന്നു ഗഡ്കരി. ജൂണ്‍ 11ന് പിണറായി വിജയൻ്റെ ക്ഷണം സ്വീകരിച്ചാണ് ക്ലിഫ് ഹൗസിലെത്തിയത്. ഇരു കുടുംബാഗങ്ങളും ഒന്നിച്ച് ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.”
ഇരുവരും തമ്മിലുള്ള വ്യക്തിബന്ധം പുതിയതല്ല. എന്നാല്‍ ഗഡ്കരിയുടെ ഈ സന്ദർശനം ഉണ്ടായത് കണ്ണൂരില്‍ സിപിഎം – ആർഎസ്‌എസ് സംഘർഷം രൂക്ഷമായി കൊലപാതക പരമ്ബര വരെയെത്തി നില്‍ക്കുന്ന സമയത്ത് ആയിരുന്നു. അതുകൊണ്ട് തന്നെ ഇരുപക്ഷത്തുമുള്ള അണികളില്‍ ഈ സല്‍ക്കാരം കടുത്ത രോഷം ഉണ്ടാക്കിയിരുന്നു. ആർഎസ്‌എസ് പക്ഷത്ത് നിന്നുള്ള ചിലരുടെയെല്ലാം ഇത്തരത്തിലുള്ള പ്രതികരണം ഇന്ത്യൻ എക്സ്പ്രസ് വാർത്തയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
2019ലെ ഈ സന്ദർശനം മാത്രമല്ല, പിന്നീടും ഇരുവരുടെയും കൂടിക്കാഴ്ചകള്‍ വാർത്തയായിട്ടുണ്ട്. 2021 ജൂലൈയില്‍ ഡല്‍ഹിയില്‍ എത്തിയ പിണറായി വിജയൻ നിതിൻ ഗഡ്കരിയുമായി അടച്ചിട്ട മുറിയില്‍ ചർച്ച നടത്തിയതിനെക്കുറിച്ച് ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രി എത്തുമ്ബോള്‍ തൻ്റെ ഓഫീസ് സ്റ്റാഫിനെയെല്ലാം ഒഴിവാക്കി ഏറെ നേരം ചർച്ചക്കായി ഗഡ്കരി ചിലവഴിച്ചുവെന്നും ഇത് എല്ലാവരിലും ആശ്ചര്യം ഉണ്ടാക്കിയെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപി മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. കോവിഡിന് ശേഷമുള്ള ആരോഗ്യപരിപാലനത്തെക്കുറിച്ചാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുമായി പിണറായി സംസാരിച്ചതെന്ന് വിവരം കിട്ടിയെന്നാണ് വാർത്തയില്‍ ചേർത്തിരുന്നത്.
ബിജെപിയില്‍ സംഘപരിവാർ പക്ഷത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നേതാക്കളില്‍ ഒരാളാണ് നിതിൻ ഗഡ്കരി. അങ്ങനെയാണ് 2009ല്‍ പാർട്ടി കടുത്ത പ്രതിസന്ധി നേരിടുമ്ബോള്‍ തീർത്തും അപ്രതീക്ഷിതമായി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗഡ്കരി എത്തിയത്. കേന്ദ്രമന്ത്രി എന്നതിനപ്പുറം നിലവില്‍ ബിജെപിയുടെ ദേശീയ നേതൃനിരയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവുമാണ് ഗഡ്കരി.
ഈ ശ്രേണിയിലുള്ള നേതാക്കളുമായെല്ലാം സൗഹൃദം പങ്കിടാമെങ്കില്‍, രാജ്യത്തിൻ്റെ പ്രധാനമന്ത്രി വിളിച്ചപ്പോള്‍ പ്രേമചന്ദ്രൻ പോയതില്‍ എന്താണ് അപരാധം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലോ, അടച്ചിട്ട മുറിയിലോ, ഇവരില്‍ ആരുടെയെങ്കിലും വീട്ടിലോ പോലും ആയിരുന്നില്ല സംസാരം. പാർലമെൻ്റ് കാൻ്റീനില്‍ ഭക്ഷണമേശക്ക് ഇരുവശവും ഇരുന്നായിരുന്നല്ലോ എന്നും പലരും ചൂണ്ടിക്കാണിക്കുന്നു.