വീടിന് മുകളിലൂടെ പോകുന്ന 11 കെവി വൈദ്യുതിലൈന്‍ മാറ്റിസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതി നല്കിയ ഗൃഹനാഥന് 12,18,000 രൂപ അടയ്‌ക്കാന്‍ കെഎസ്‌ഇബി അധികൃതരുടെ മറുപടി. മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന 12 വീട്ടുകാരാണ് പരാതിക്കാര്‍.

ഇവര്‍ക്ക് വേണ്ടി ചക്കാല കിഴക്കതില്‍ അലാവുദ്ദീന്‍ ആണ് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതി നല്കിയത്. ഇവരുടെ വീടിന് മുകളിലൂടെയാണ് തടത്തില്‍ മുക്കിലെ ട്രാന്‍സ്‌ഫോമറിലേക്ക് വൈദ്യുതി ലൈന്‍ പോകുന്നത്.പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്ഥാപിച്ച വൈദ്യുതി ലൈന്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികള്‍ സ്ഥലം എംഎല്‍എ ഉള്‍പ്പടെ ഉള്ളവര്‍ക്ക് നല്കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലിരുന്ന കുടുംബങ്ങളെ ആക്ഷേപിക്കുന്ന രീതിയിലുള്ള മറുപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. മറ്റ് ഭാഗങ്ങളിലെ വലിയ ലൈനുകള്‍ വലിയ പോസ്റ്റുകള്‍ സ്ഥാപിച്ച്‌ റോഡരികിലൂടെ ആക്കിയെങ്കിലും ഈ ഭാഗത്തെ ലൈന്‍ മാറ്റാന്‍ നടപടി ഉണ്ടയിട്ടില്ല. ഇതു മൂലം ഇവിടെ താമസിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടിലാണ്.

വൈദ്യുതി ലൈനില്‍ വൃക്ഷശിഖരങ്ങള്‍ തട്ടി തീപ്പൊരികള്‍ ഉണ്ടാവുകയും നിരവധി തവണ ലൈന്‍ പൊട്ടി വീഴുകയും ചെയ്തിട്ടുണ്ട്. ഏതു സമയവും അപകടം ഉണ്ടാകുമെന്ന ഭയത്താല്‍ നാല് കുടുംബങ്ങള്‍ ഇവിടെ നിന്ന് താമസം മാറി. നവകേരള സദസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് കെഎസ്‌ഇബി അധികൃതര്‍ സ്ഥലത്ത് വന്ന് പരിശോധന നടത്തി മടങ്ങിയിരുന്നു. കെഎസ്‌ഇബി അംഗീകാരം ലഭിച്ച പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ 12,18,099 രൂപ അടയ്‌ക്കണമെന്ന് എക്‌സി. എന്‍ജിനീയറുടെ മറുപടി കത്ത് കഴിഞ്ഞ ദിവസം അലാവുദ്ദീന് ലഭിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക