ചെറുതോണി: കടബാധ്യതകളെ തുടര്‍ന്ന് ദമ്ബതികള്‍ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം എംഎസ് നിവാസില്‍ അജിത് (40), ഭാര്യ വര്‍ക്കല മേല്‍പട്ടൂര്‍ ഷാന്‍ നിവാസില്‍ ഷാനി (38) എന്നിവരെയാണ് ഇടുക്കി ചെറുതോണിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഫാനിന്റെ ഹുക്കില്‍ ഒരു സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു.

കടക്കെണിയിലായതോടെയാണ് ഇരുവരും തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലെത്തിയത്. ഇവര്‍ ഇവിടെ താമസത്തിനെത്തിയിട്ട് വളരെ കുറച്ച്‌ നാളുകളേ ആയിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. അജിത്തും ഷാനിയും വിവാഹിതരായത് ആറ് മാസം മുന്‍പായിരുന്നു. അജിത്തിന്‍്റെ ആദ്യ വിവാഹവും ഷാനിയുടെ രണ്ടാം വിവാഹമായിരുന്നു അത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷാനി ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിനു ശേഷമായിരുന്നു അജിത്തിനെ വിവാഹം കഴിച്ചത്. ഷാനിയുടെ ആദ്യ ഭര്‍ത്താവിന്‍്റെ ബന്ധുവാണ് ഭര്‍ത്താവ് അജിത്. ആദ്യ വിവാഹത്തില്‍ ഷാനിക്ക് ഒരു മകളുണ്ട്. മകളുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹിതരായ ശേഷം ദമ്ബതികള്‍ വര്‍ക്കലയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

നാട്ടില്‍ കടംകയറി നില്‍ക്കക്കൊള്ളിയില്ലാതെ ആയതോടെയാണ് അജിത്തും ഷാനിയും ഇടുക്കിയില്‍ എത്തിയത്. ജോലി ചെയ്ത് ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് ഇവര്‍ ഇടുക്കിയിലെത്തിയതെന്നാണ് വിവരം. അജിത് ചെറിയ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. കരാര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ബില്ലുകള്‍ മാറാനുള്ള കാലതാമസം എടുത്തതാണ് കടബാധ്യതയുണ്ടാകാന്‍ കാരണമെന്നാണ് വിവരം.

നിലവില്‍ മൂന്നര ലക്ഷം രൂപയുടെ കടബാധ്യത ഇവര്‍ക്കുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ പണം ലഭിക്കാനുള്ളവര്‍ ശല്യപ്പെടുത്താനും ആരംഭിച്ചിരുന്നു. നാട്ടില്‍ നില്‍ക്കാന്‍ പ്രയാസമായപ്പോള്‍ വീട്ടുകാരുടെ അറിവോടെ ഇവര്‍ ഇടുക്കിയിലെത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വെള്ളിയാഴ്ച വൈകിട്ടുവരെ ഇവര്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന വിവരമുണ്ട്. എന്നാല്‍ ശനിയാഴ്ച മുതല്‍ ഇവരെ ഫോണില്‍ കിട്ടാതായി. ഫോണില്‍ കിട്ടാതയ സംഭവത്തില്‍ പന്തികേട് തോന്നിയതോടെ ഞായറാഴ്ച വൈകിട്ട് ഷാനിയുടെ സഹോദരനും മരുമകനും ഒരു സുഹൃത്തും കൂടി ഇടുക്കിയിലെത്തുകയായിരുന്നു. തിങ്കളാഴ്ച വെളുപ്പിനെ ഇവര്‍ വാടക വീട്ടിലെത്തി. നിരവധി തവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് അവിടെയെത്തിയവര്‍ ഇടുക്കി സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്ന് അകത്തുകയറിയപ്പോഴാണ് ഇരവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇവര്‍ അവസാനം നട്ടിലുള്ളവരുമായി സംസാരിച്ച വെള്ളിയാഴ്ച വെെകിട്ടുതന്നെ ആത്മഹത്യ നടന്നിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ മൂന്നുലക്ഷം രൂപയുടെ കടം മാത്രമേ ഇവര്‍ക്കുള്ളു എന്നാണ് പുറത്തു വരുന്ന വിവരം. ഈ തുക കടംവീട്ടാന്‍ കഴിയുമെന്നിരിക്കേ ഇവരുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. അതേസമയം വീട്ടില്‍ ദാരിദ്ര്യത്തിന്‍്റെ സൂചനകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ആ വീട്ടില്‍ യാതൊരുവിധ ഉപകരണങ്ങളുമില്ലായിരുന്നു. ഒരു ഷീറ്റ് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ഇരുവരും ഈ ഷീറ്റിലാണ് അന്തിയുറങ്ങിയിരുന്നതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക