ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസർ കൃത്രിമം കാട്ടുന്ന പുതിയ വീഡിയോ പുറത്ത്. സുപ്രിംകോടതിയുടെ വിമർശനമടക്കം ഏറ്റുവാങ്ങിയ അനില്‍ മസീഹ് നടത്തിയ കള്ളത്തരത്തിന്റെ വീഡിയോയാണ്‌ എക്‌സില്‍ പ്രചരിക്കുന്നത്. വളരെ തിരക്കിട്ട് ബാലറ്റ് പേപ്പറില്‍ അനില്‍ കുത്തിക്കുറിക്കുന്നതും ഒടുവില്‍ തന്റെ പ്രവൃത്തി കാമറയില്‍ പതിയുന്നുണ്ടെന്ന് ഓർത്ത് ഞെട്ടലോടെ നോക്കുന്നതുമാണ് പുതിയ വീഡിയോയിലുള്ളത്.

ഇയാൾ ബാലറ്റ് പേപ്പറിൽ ക്രമക്കേട് കാണിക്കുന്നത് വളരെ വ്യക്തമായി വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ആംആദ്മി-കോണ്‍ഗ്രസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും ബിജെപി സ്ഥാനാർഥി മനോജ് സോങ്കാറാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. ഒരു കാരണവും വ്യക്തമാക്കാതെ എട്ട് വോട്ടുകള്‍ അനില്‍ അസാധുവാക്കിയതോടെയാണ് ബിജെപി സ്ഥാനാർഥി വിജയിച്ചത്. എതിരാളി 12 വോട്ട് നേടിയപ്പോള്‍ 16 വോട്ടാണ് സോങ്കാർ നേടിയത്. എഎപിയുടെ കുല്‍ദീപ് കുമാർ നാലു വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിജെപി മൈനോരിറ്റി സെല്‍ അംഗമാണ്‌ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസറായ അനില്‍ മസീഹ്. എഎപി കൗണ്‍സിലർമാരുടെ ബാലറ്റ് പേപ്പർ രേഖപ്പെടുത്തുന്നതിന് മുമ്ബ് അവയില്‍ അനില്‍ മസീഹ് എന്തോ എഴുതുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പരക്കെ പ്രചരിച്ചിരുന്നു. ഇതോടെ രൂക്ഷ വിമർശനമാണ് ഇയാള്‍ നേരിട്ടത്. ബിജെപിക്ക് വിജയം നല്‍കാനായി അനില്‍ തങ്ങളുടെ വോട്ടുകള്‍ അസാധുവാക്കിയതായി എഎപിയും ആരോപിച്ചു.

സംഭവത്തില്‍ സുപ്രിംകോടതിയും രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രിസൈഡിങ് ഓഫീസർ കുറ്റവാളിയെ പോലെ കാമറയില്‍ നോക്കിയെന്നും ബാലറ്റ് പേപ്പറുകളില്‍ പ്രിസൈഡിങ് ഓഫീസർ കൃത്രിമം നടത്തിയെന്നുമായിരുന്നു കോടതിയുടെ വിമർശനം. തെരഞ്ഞെടുപ്പ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പ്രതികരണം.

എല്ലാ കക്ഷികള്‍ക്കും സുപ്രിംകോടതി നോട്ടീസ് അയച്ചു. ആം ആദ്മി പാർട്ടിയുടെ ഹരജിയിലാണ് സുപ്രിംകോടതി ഇടപെടല്‍. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്ന് അഞ്ച് മണിക്ക് മുൻപ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പക്കലേക്ക് മാറ്റാനും കോടതി നിർദേശിച്ചു. ബാലറ്റ് പേപ്പറുകളും വീഡിയോകളും പഞ്ചാബ് ഹരിയാന രജിസ്ട്രാർക്ക് നല്‍കേണ്ടത്. ഫെബ്രുവരി 12ന് ഹർജി വീണ്ടും പരിഗണിക്കും.

‘അയാള്‍ (റിട്ടേണിംഗ് ഓഫീസർ) ബാലറ്റ് പേപ്പറുകള്‍ വികൃതമാക്കിയത് വ്യക്തമാണോ? അയാള്‍ ജനാധിപത്യത്തെ കൊല്ലുകയാണോ? ജനാധിപത്യത്തെ കൊലപ്പെടുത്തുന്നത് അനുവദിക്കാനാവില്ല’ കേസ് പരിഗണിക്കവേ സുപ്രിംകോടതി പറഞ്ഞു. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണെന്നും വിമർശിച്ചു.മേയർ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാർട്ടിയുടെ മനോജ് സോങ്കറിനോട് പരാജയപ്പെട്ട ആം ആദ്മി പാർട്ടിയുടെ കൗണ്‍സിലർ കുല്‍ദീപ് ധലോറാണ് സുപ്രിംകോടതിയില്‍ ഹരജി സമർപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക