പെൻഷനുകള്‍ ഉള്‍പ്പെടെ ഭിന്നശേഷിക്കാർക്കുള്ള മൂന്ന് പ്രധാന ആനുകൂല്യങ്ങള്‍ മുടങ്ങി. 1600 രൂപയുടെ പ്രതിമാസപെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസമായി. 339.3 കോടി രൂപയാണ് പെൻഷൻ ഇനത്തില്‍ കുടിശ്ശികയായിട്ടുള്ളത്.

മുമ്ബ് സാമൂഹിക സുരക്ഷാ പെൻഷനെക്കാള്‍ കൂടിയ തുക ഭിന്നശേഷി പെൻഷൻ നല്‍കുമായിരുന്നു. ഇപ്പോള്‍ അത് 1600 രൂപയായി ഏകീകരിച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങുമ്ബോള്‍ 21 വിഭാഗത്തില്‍പ്പെടുന്ന ഭിന്നശേഷിക്കാർക്കും അതു കിട്ടാതാവുന്നു. ഓഗസ്റ്റിനുശേഷം ഈ പെൻഷൻ നല്‍കിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിടപ്പുരോഗികളോ ശയ്യാലവംബികളോ ആയ തീവ്രഭിന്നശേഷിക്കാർക്കുള്ള 600 രൂപയുടെ ആശ്വാസകിരണം പെൻഷൻ മുടങ്ങിയിട്ട് മൂന്നുവർഷമായി. കഴിഞ്ഞ സാമ്ബത്തികവർഷം മുൻകാല കുടിശ്ശികയില്‍ ഒരുവർഷത്തെ തുക കുറേപ്പേർക്ക് നല്‍കിയിരുന്നു. ബഹുഭൂരിപക്ഷം പേർക്കും അന്ന് നല്‍കിയ 7200 രൂപ കിട്ടിയില്ല.

2018-നു ശേഷം ആശ്വാസകിരണം പെൻഷനുവേണ്ടി അപേക്ഷ സ്വീകരിച്ചിട്ടുപോലുമില്ല. ഭിന്നശേഷിക്കാർക്കുള്ള നിരാമയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയവും വർഷംതോറും പുതുക്കാനുള്ള തുകയും ബി.പി.എലുകാർക്ക് സർക്കാർ നല്‍കുമായിരുന്നു. ഒരുവർഷമായി അതും മുടങ്ങി. ഇതില്‍ എന്റോള്‍ ചെയ്തവർക്ക് ഒരുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.

നിരാമയയില്‍ എന്റോള്‍ ചെയ്യുന്നതിന് ബി.പി.എല്‍. വിഭാഗത്തിന് 250 രൂപയും എ.പി.എല്‍.വിഭാഗത്തിന് 500 രൂപയുമാണ് പ്രീമിയം.ഇത് പുതുക്കുന്നതിന് ബി.പി.എല്‍. വിഭാഗത്തിന് 50 രൂപയും എ.പി.എല്‍. വിഭാഗത്തിന് 250 രൂപയുമാണ് ഈടാക്കുന്നത്. സാമൂഹികനീതി വകുപ്പ് പ്രീമിയവും റിന്യൂവല്‍ചാർജും സൗജന്യമായി നല്‍കിവന്നിരുന്നു.

ഒരു വർഷമായി അതില്ല. അതിനാല്‍ ഭിന്നശേഷിക്കാർ തന്നെ ഇതും അടയ്ക്കേണ്ടിവരുന്നു. ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ കാര്യമായ സർക്കാർ ആനുകൂല്യങ്ങളൊന്നും ഭിന്നശേഷിക്കാർക്ക് ഇപ്പോള്‍ കിട്ടുന്നില്ല.

കണക്കുകള്‍ ഇങ്ങിനെ:

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ എണ്ണം – 8,64,316. ഭിന്നശേഷി പെൻഷന് അർഹരായ ഗുണഭോക്താക്കൾ- 3,89,531. പെൻഷൻ കൈപ്പറ്റുന്നവർ- 3,57,995. നിരാമയ ഗുണഭോക്താക്കൾ- 1,08,952 ആശ്വാസകിരണം പദ്ധതി ഗുണഭോക്താക്കൾ- 19,229 ഭിന്നശേഷി പെൻഷൻ കുടിശ്ശിക- 311.62 കോടി ആശ്വാസകിരണം പെൻഷൻ കുടിശ്ശിക- 27.68 കോടി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക