മുക്കം പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ജെസിബി സ്റ്റേഷനില്‍ നിന്നും മോഷണം പോയ സംഭവത്തില്‍ വമ്ബന്‍ ട്വിസ്റ്റ്‌. ജെസിബി കടത്തിയതിന് നേതൃത്വം കൊടുത്തത് എസ്‌ഐയാണെന്നാണ് അന്വേഷത്തില്‍ വ്യക്തമായത്. വാഹനാപകടക്കേസിന്റെ ഫയല്‍ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് സസ്പെന്‍ഷനില്‍ തുടരവേയാണ് അറസ്റ്റ്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എസ്‌ഐ ടി.ടി.നൗഷാദിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായാല്‍ ജാമ്യം നല്‍കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. 50000 രൂപയുടെ ബോണ്ട്‌, രണ്ട് ആള്‍ ജാമ്യം എന്നിവ ഹാജരാക്കിയതിനെ തുടര്‍ന്ന് എസ്‌ഐയെ ജാമ്യത്തില്‍ വിട്ടു. “സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് എസ്‌ഐയിലേക്ക് നയിച്ചത്.ജെസിബി കടത്തിയ സംഘത്തിന് നേതൃത്വം നല്‍കിയത് എസ്‌ഐ തന്നെയായിരുന്നുവെന്ന് വ്യക്തമായിരുന്നു.” ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.പ്രമോദ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023 സെപ്തംബര്‍ 19ന് വൈകുന്നേരം കൊടിയത്തൂരില്‍ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചിരുന്നു. തോട്ടുമുക്കം സ്വദേശി സുധീഷാണ് മരിച്ചത്. പോലീസ് കസ്റ്റഡിയിലെടുത്ത ജെസിബിക്ക് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. വാഹനം സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒക്ടോബര്‍ 10ന് അര്‍ദ്ധരാത്രി സ്റ്റേഷനിലെത്തിയ വാഹനയുടമയുടെ മകനും സംഘവും ചേര്‍ന്ന് ജെസിബി കടത്തിയതിന് ശേഷം ഇന്‍ഷൂറന്‍സുള്ളത് പകരം വെച്ചു.

സംഭവത്തില്‍ വാഹനയുടമയുടെ മകന്‍ മാര്‍ട്ടിന്‍ മാതാളിക്കുന്നേല്‍, കെ.ആര്‍.ജയേഷ്, ദിലീപ് കുമാര്‍, വേളാങ്കണ്ണി രാജ, തറമുട്ടത്ത് രജീഷ് മാത്യു, മോഹന്‍രാജ് എന്നീ പ്രതികള്‍ അറസ്റ്റിലായിരുന്നു. അന്ന് തന്നെ എസ്‌ഐക്കെതിരെ ആരോപണമുണ്ടായിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക