ഗുവാഹത്തി: ത്രിപുരയില്‍ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍ക്ക്​ പിന്നാലെ ‘പ്രതിബാദി കലാം’ ദിനപത്രത്തിന്‍റെ ഓഫിസിനും നേരെയും അക്രമം. നാല്​ മാധ്യമപ്രവര്‍ത്തകര്‍ക്ക്​ പരിക്കേറ്റു. ബി.ജെ.പി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ്​ ആക്രമണമെന്നാണ്​ പരാതി.

സംസ്​ഥാനത്ത്​ തുടരുന്ന ബി.ജെ.പി -സി.പി.എം സംഘര്‍ഷത്തിന്​ പിന്നാലെയാണ്​ ബുധനാഴ്ച വന്‍ അക്രമ സംഭവങ്ങള്‍ക്ക്​ ത്രിപുര സാക്ഷ്യം വഹിച്ചത്​. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തീയിട്ട്​ നശിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിബാധി കലാമിന്‍റെ ഓഫി​സിലെ രേഖകളും ഉപകരണങ്ങളും നശിപ്പിക്കുകയും ബൈക്കുകളും കാറുകളും അഗ്​നിക്കിരയാക്കുകയും ചെയ്​തതായി പ്രതിബാധി കലാം എഡിറ്ററും പബ്ലിഷറുമായ അനല്‍ റോയ്​ ചൗധരി നല്‍കിയ പരാതിയില്‍ പറയുന്നു. നാലോളം മാധ്യമപ്രവര്‍ത്തകര്‍ക്ക്​ പരിക്കേറ്റു. എല്ലാ രേഖകളും കമ്പ്യൂട്ടറുുകളും സി.സി.ടി.വി ക്യാമറകളും നശിപ്പിച്ചു. അതേസമയം പൊലീസ്​ സംഘം കാഴ്​ചക്കാരായി നിന്നുവെന്നും പരാതിയുയർന്നിട്ടുണ്ട്.

ലാത്തിയും മുര്‍ച്ഛയുള്ള ആയുധവുമായാണ്​ ഗുണ്ടകള്‍ ഓഫിസിലെത്തിയത്​. ഞങ്ങളുടെ മാധ്യമപ്രവര്‍ത്തകനായ പ്രസന്‍ജിത്​ സാഹക്ക്​ തലയുടെ പിറകില്‍ മൂര്‍ച്ഛയുള്ള ആയുധംകൊണ്ട്​ മുറിവേറ്റു. പരിക്ക്​ ഗുരുതരമാണ്​ -ചൗധരി മാധ്യമങ്ങളോട്​ പറഞ്ഞു.

പത്രസ്​ഥാപനത്തിന്​ നേരെ നടന്ന അതിക്രമത്തില്‍ ഉടന്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന്​ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 12 മണിക്കൂറിനകം പ്രതികളെ അറസ്റ്റ്​ ചെയ്​തില്ലെങ്കില്‍ നീതിക്കായി വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്​ അഗര്‍ത്തല പ്രസ്​ ക്ലബ്​ സെക്രട്ടറി പ്രണബ്​ സര്‍ക്കാര്‍ പറഞ്ഞു.

സംസ്​ഥാനത്ത്​ രണ്ടുദിവസമായി തുടരുന്ന ആക്രമത്തിനിടെ സി.പി.എം ഓഫിസുകള്‍ക്ക്​ തീയിട്ടിരുന്നു. ‘രണ്ടര വര്‍ഷ​ത്തിലേറെയായി പൂട്ടിയിട്ടിരുന്ന ഞങ്ങളുടെ ലോക്കല്‍ കമ്മിറ്റി ഓഫിസ്​ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്​തു. ഞങ്ങളുടെ വാഹനങ്ങള്‍ തകര്‍ക്കുകയും തീയിട്ട്​ നശിപ്പിക്കുകയും ചെയ്​തു’ -സി.പി.എമ്മിന്‍റെ ബിജാന്‍ ധര്‍ പറഞ്ഞു. സംസ്​ഥാനത്ത്​ ബി.ജെ.പി നടത്തിയ റാലിക്ക്​ പിന്നാലെയായിരുന്നു അക്രമം.

കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക്​ സര്‍ക്കാറിനെ സ്വന്തം മണ്ഡലമായ ധന്‍പൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ്​ സംഘര്‍ഷത്തിന്​ തുടക്കം. ധന്‍പൂരിലെ കതാലിയയില്‍ ഒരു രാഷ്​ട്രീയ പരിപാടിയില്‍ പ​ങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്‍റെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തുടര്‍ന്ന്​ സി.പി.എം പ്രവര്‍ത്തകര്‍ പ്രദേശത്ത്​ സംഘടിക്കുകയും മണിക്​ സര്‍ക്കാറിന്​ സംരക്ഷണ കവചം ഒരുക്കുകയും ചെയ്​തു. ഇതോടെയാണ്​​ സംഘര്‍ഷം ഉടലെടുത്തത്​. സംഘര്‍ഷം വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക