തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. തഞ്ചാവൂരില്‍ ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരി ഐശ്വരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാള്‍ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാതിബോധത്തിന് ഇരയായാണ് ഒരു പെണ്‍കുട്ടി കൂടി സ്വന്തം പിതാവിന്റെയും ഉറ്റ ബന്ധുക്കളുടെയും ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്.

സഹപാഠികളായിരുന്ന ഐശ്വരിയും തഞ്ചാവൂര്‍ സ്വദേശിയായ ബി. നവീനും ഏറെ നാളായി പ്രണയത്തിലായിരുന്നു. പുതുവര്‍ഷത്തലേന്നാണ് ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത്. ഐശ്വരിയുടെ വീട്ടുകാര്‍ എന്നാല്‍ ഈ വിവാഹത്തിന് സമ്മതിച്ചില്ല. തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്ബനിയില്‍ ജീവനക്കാരനായ നവീന്‍ ഒടുവില്‍ സുഹൃത്തുക്കളുടെ സാനിധ്യത്തില്‍ ഐശ്വരിയെ വിവാഹം ചെയ്തശേഷം വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി ജനുവരി രണ്ടിന് ഐശ്വരിയുടെ അച്ഛന്‍ പെരുമാള്‍ പല്ലടം പൊലീസ് സ്റ്റേഷനിലെത്തി. ഐശ്വര്യയെ വിളിച്ചുവരുത്തിയ പൊലീസ് അച്ഛനൊപ്പം നിര്‍ബന്ധിച്ച്‌ പറഞ്ഞുവിടുകയും നവീനെ വിരട്ടുകയും ചെയ്‌തെന്നാണ് ആക്ഷേപം. അഞ്ച് ദിവസത്തിനുശേഷം ഐശ്വരിക്കെന്തോ അപകടം സംഭവിച്ചുവെന്ന് സംശയിക്കുന്നതായി സുഹൃത്ത് അറിയിച്ചതോടെ നവീന്‍ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേര്‍ന്ന് ഐശ്വരിയെ ചുട്ടുകൊന്നതായി പൊലീസ് കണ്ടെത്തിയത്. ഇതോടെ അച്ഛനുള്‍പ്പടെ അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ജാതിക്കൊലയ്ക്ക് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക