ഇടുതു സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രസംഗത്തില്‍ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വര്‍ണ്ണക്കടത്തു കേസ് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. സ്വര്‍ണക്കള്ളക്കടത്ത് ഏത് ഓഫിസ് കേന്ദ്രീകരിച്ചെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ കേരളം അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നല്‍കുന്ന പണത്തിന്റെ കണക്ക് ചോദിക്കരുതെന്നാണ് നയമെന്നും ബിജെപിയിലൂടെ കേരള വികസനം സാധ്യമാണെന്നും മോദി പറഞ്ഞു.

‘നിങ്ങളുടെ അടുത്ത് മോദിയുടെ ഗ്യാരന്റി’ എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ട് ബിജെപി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും അദ്ദേഹം വിവരിച്ചു. ”പത്ത് വര്‍ഷത്തിനിടെ സ്ത്രീകളുടെ ജീവിതം സുഗമമാക്കാൻ നിരവധി കാര്യങ്ങള്‍ ചെയ്തു. 10 കോടി കുടുംബങ്ങള്‍ക്ക് ഗ്യാസ് കണക്ഷൻ നല്‍കി എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി. 11 കോടി കുടുംബങ്ങള്‍ക്കു കുടിവെള്ളം നല്‍കി. എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി, കോടിക്കണക്കിനുപേര്‍ക്ക് ബാങ്ക് അക്കൗണ്ട്, സ്ത്രീകളുടെ പ്രസവാവധി വര്‍ധിപ്പിച്ചു, സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം സാധ്യമാക്കി. ലോക്‌സഭയിലും നിയമസഭയിലും സംവരണം ഉറപ്പാക്കി, എങ്ങനെ സാധിച്ചു, മോദിയുടെ ഗ്യാരന്റി. അമ്മമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും അവസരങ്ങളുടെ കലവറ തുറന്നിറക്കിയിരിക്കയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമന്ത്രി വിശ്വകര്‍മ യോജനയിലൂടെ നിരവധിപ്പേര്‍ക്ക് പരിശീലനം നല്‍കും. കച്ചവടക്കാരായ സ്ത്രീകള്‍ക്ക് സഹായം ലഭിക്കും. 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സാ സഹായം ലഭിക്കും. ഇതിനെല്ലാം ഉറപ്പ് മോദിയുടെ ഉറപ്പാണ്. ലോകം നിരവധി വേദനകളിലൂടെ കടന്നുപോകുകയാണ്, കൊറോണ, യുക്രെയ്ൻ, ഗസ്സ എന്നീ പ്രശ്‌നങ്ങള്‍ നമ്മള്‍ കണ്ടു. എത്ര വലിയ പ്രശ്‌നമായാലും ബിജെപി സര്‍ക്കാര്‍ ഇവിടെ നിന്നെല്ലാം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇറാഖില്‍നിന്ന് നഴ്‌സുമാരെ തിരിച്ചെത്തിച്ചത് ബിജെപി സര്‍ക്കാരാണ്. കോണ്‍ഗ്രസിന്ററെപോലെ ദുര്‍ബല സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു. ലോകത്ത് എത്ര വലിയ പ്രശ്‌നത്തില്‍പ്പെട്ടാലും ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഈ സര്‍ക്കാരിനാകുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചു തുടങ്ങിയത്. തുടര്‍ന്ന് തന്റെ പതിവുശൈലിയില്‍ കത്തിക്കയറുകയായിരുന്നു അദ്ദേഹം. നിരവധി ഉന്നത സ്ത്രീകള്‍ക്ക് ജന്മം നല്‍കിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.”കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ ഇത്രയും അധികം സ്ത്രീകള്‍ എന്നെ അനുഗ്രഹിക്കാൻ എത്തിയതില്‍ സന്തോഷമുണ്ട്. കാശിയുടെ പാര്‍ലമെന്റ് അംഗമാണ് ഞാൻ. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെനിന്നും വടക്കും നാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നു. തുടര്‍ന്ന് കേരളക്കരയിലെ ചരിത്ര വനിതകളെയും അദ്ദേഹം എടുത്തു പറഞ്ഞു.

കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാടാണ് കേരളം. കാര്‍ത്യായനി അമ്മ, ഭഗീരധിയമ്മ തുടങ്ങി നിരവധിപ്പേര്‍ക്ക് ജന്മം നല്‍കിയ നാടാണ് കേരളം. ആദിവാസി നഞ്ചിയമ്മ, അവര്‍ അത്ഭുത കലാകാരിയാണ്. അവര്‍ ദേശീയ അവാര്‍ഡ് വരെ േനടി. അഞ്ജു ബോബി ജോര്‍ജ്ജിനെയും പി.ടി. ഉഷയെപ്പോലെയുള്ളവരെയും സൃഷ്ടിച്ച നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്. തുടര്‍ന്ന് വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസ്സിനെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് വേദിയിലുണ്ടായിരുന്ന അതിഥികളെ ഹസ്തദാനം ചെയ്തു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് നരേന്ദ്ര മോദിയുടെ പ്രസംഗം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക