മാസപ്പടി വിവാദത്തില്‍ കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങി. മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സുരേഷ് ഗോപിക്കെതിരെ കേരളാ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയ ചര്‍ച്ച നടക്കുന്നതിനിടെയാണ് പുതിയ വാര്‍ത്ത. രാഷ്ട്രീയ/ ട്രേഡ് യൂണിയൻ നേതാക്കള്‍ക്കും ഉദ്യോഗസ്ഥ മേധാവികള്‍ക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ (ഐഎസ്ബി) കണ്ടെത്തലിനെത്തുടര്‍ന്നു കൊച്ചിൻ മിനറല്‍ ആൻഡ് റൂട്ടൈല്‍ ലിമിറ്റഡിനും (സിഎംആര്‍എല്‍) കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും (കെഎസ്‌ഐഡിസി) കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. ഫലത്തില്‍ ഇത് അന്വേഷണമായി മാറും.

സിഎംആര്‍എല്‍ നല്‍കുന്ന വിശദീകരണം നിര്‍ണ്ണായകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് നല്‍കാത്ത സേവനത്തിന് പണം കൈമാറിയെന്ന ആരോപണത്തിലാകും പ്രധാന അന്വേഷണം. മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഈ കേസ് അന്വേഷിക്കാതിരിക്കാൻ കാരണമുണ്ടെങ്കില്‍ ഇന്നേക്കകം ബോധിപ്പിക്കാനാണ് കമ്ബനികാര്യ അസിസ്റ്റന്റ് രജിസ്റ്റ്രാറുടെ നോട്ടിസ്. സിഎംആര്‍എല്‍ കമ്ബനിയുടെ 13.4% ഓഹരി ഉടമസ്ഥത കെഎസ്‌ഐഡിസിക്കുള്ളതിനാലാണ് അവര്‍ക്കും നോട്ടിസ് അയച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐഎസ്ബിയുടെ ശുപാര്‍ശ അനുസരിച്ച്‌ കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു കൈമാറണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ കമ്ബനി ഓഹരി ഉടമ ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പ്രധാന ആരോപണങ്ങള്‍ അടങ്ങുന്ന ചോദ്യാവലിയും നോട്ടിസിനൊപ്പം നല്‍കിയിട്ടുണ്ട്. 19 ആരോപണങ്ങള്‍ക്കാണു മറുപടി നല്‍കേണ്ടത്. ഏറെ നിര്‍ണ്ണായകമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2019 മാര്‍ച്ച്‌ ഒന്നിന് സ്വകാര്യമേഖലയിലെ ഖനനം പൂര്‍ണമായി നിരോധിച്ചതിനു ശേഷവും സിഎംആര്‍എല്‍ കമ്ബനിക്ക് ഇത്രയധികം കരിമണല്‍ (ഇല്‍മനൈറ്റ്) എങ്ങനെ ലഭിച്ചുവെന്ന ചോദ്യമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിന് കെ എസ് ഐ ഡി സി നല്‍കുന്ന മറുപടി നിര്‍ണ്ണായകമാണ്.

ഈ മറുപടി കിട്ടിയ ശേഷം പിണറായിയുടെ മകള്‍ വീണാ വിജയനും രമേശ് ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും എല്ലാം കേന്ദ്ര ഏജൻസി നോട്ടീസ് നല്‍കാൻ സാധ്യതയുണ്ട്. ഇതില്‍ കരിമണല്‍ കര്‍ത്തയുടെ കമ്ബനിയായ സിഎംആര്‍എല്‍ നല്‍കുന്ന മറുപടിയാകും നിര്‍ണ്ണായകം.

മറുപടി നല്‍കേണ്ട പ്രധാന ചോദ്യങ്ങള്‍ ഇവ

1. സിഎംആര്‍എല്‍ നല്‍കിയ 135 കോടി രൂപ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലേ

2, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന സംഭാവനകള്‍ക്ക് 100% ആദായനികുതി ഇളവു നല്‍കുന്ന 80 ജിജിബി വകുപ്പു പ്രകാരമല്ലാതെ എന്തുകൊണ്ടു തുക കൈമാറി രാഷ്ട്രീയ നേതാക്കള്‍ക്കു നേരിട്ടു പണം നല്‍കിയതെന്തിന്

3, 2016 മാര്‍ച്ച്‌ 31 നു 772.44 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്ന സിഎംആര്‍എല്‍ കമ്ബനി 2023 മാര്‍ച്ച്‌ 31 ന് 7336.82 ലക്ഷം രൂപയുടെ അറ്റാദായം നേടിയതെങ്ങനെ

4, കേന്ദ്ര സര്‍ക്കാര്‍ 2019 മാര്‍ച്ച്‌ ഒന്നിന് സ്വകാര്യമേഖലയിലെ ഖനനം പൂര്‍ണമായി നിരോധിച്ചതിനു ശേഷവും സിഎംആര്‍എല്‍ കമ്ബനിക്ക് ഇത്രയധികം കരിമണല്‍ (ഇല്‍മനൈറ്റ്) എങ്ങനെ ലഭിച്ചു

മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഏജൻസി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സി.എം.ആര്‍.എല്ലിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയക്കാൻ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജാണ് ഹര്‍ജി നല്‍കിയത്. പിസി ജോര്‍ജിന്റെ മകനാണ് ഷോണ്‍.

അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നേരത്തേ അന്വേഷണ ഏജൻസിയെ സമീപിച്ചിരുന്നു. ഇതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെയാണ് കേന്ദ്ര ഏജൻസി നടപടി തുടങ്ങുന്നത്.മാസപ്പടി കേസില്‍ രാഷ്ട്രീയ നേതാക്കളും, കമ്ബനിയും ചേര്‍ന്നുള്ള അഴിമതി നടന്നിട്ടുണ്ടെന്നും കേരള തീരത്തെ അനധികൃത മൈനിംഗിനായി വൻ തുക കോഴയായി ചെലവഴിച്ചിട്ടുണ്ടെന്നും ഇത് വലിയ പൊതു നഷ്ടം കേരളത്തിന് ഉണ്ടാക്കിയെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇതിന് സമാനമായ ചോദ്യമാണ് കേന്ദ്ര ഏജൻസിയും ഉയര്‍ത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക