നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പല വിശേഷണം കിട്ടി. പ്രതിപക്ഷം കളിയാക്കാനായി പലതും പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയെ മന്ത്രിമാര്‍ പുകഴ്‌ത്തലുകൊണ്ട് പൊതിഞ്ഞു. ഇരട്ടച്ചങ്കനും കപ്പിത്താനും എല്ലാം പിണറായി കേട്ട് മടുത്തതായിരുന്നു. ഇതിനിടെയാണ് മന്ത്രി വാസവന്റെ ക്ലാസ് പ്രയോഗമെത്തിയത്. പിണറായിയെ വാസവൻ വിശേഷിപ്പിച്ചത് ‘ദൈവാവതാരമായിട്ടായിരുന്നു’.

ഇതിനെ വ്യക്തിപൂജയായി ചിലര്‍ വിലയിരുത്തി. അടുത്ത സിപിഎം സെക്രട്ടറിയേറ്റില്‍ വാസവൻ വിമര്‍ശന മുനയില്‍ നില്‍ക്കുമെന്ന് പോലും ഏവരും കരുതി. എന്നാല്‍ ദൈവാവതാര പിറവിയുടെ ക്രിസ്മസ് കഴിഞ്ഞ് പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോൾ ഭരിക്കാൻ വാസവന് ഒരു വമ്ബൻ വകുപ്പ് കൂടി കിട്ടി – തുറമുഖ വകുപ്പ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖ പദ്ധതിയുടെ അമരക്കാരൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയ പുനഃസംഘടനകള്‍ നടത്താതെ തന്നെ വാസവന്റെ രജിസ്‌ട്രേഷൻ ഏറ്റെടുത്ത് കടന്നപ്പള്ളി രാമചന്ദ്രന് നല്‍കി പകരം തുറമുഖം നല്‍കിയ ഇടപെടല്‍. അങ്ങനെ ദൈവാവതാര ചര്‍ച്ചകളില്‍ വാസവൻ അതിജീവനം നടത്തുകയാണ്. പിണറായിയെ ‘ദൈവാവതാരം ആക്കുന്നതിനോട്’ സിപിഎമ്മിന് താല്‍പ്പര്യമില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിപിഎം വ്യക്തി പൂജയെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. മന്ത്രി വി.എൻ . വാസവൻ പറഞ്ഞതിനെ കുറിച്ചു അദ്ദേഹത്തോട് ചോദിക്കണമെന്നും എം.വി ഗോവിന്ദൻ വിശദീകരിച്ചിരുന്നു.

എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണമൊന്നും വാസവന് വിനയായില്ല. ഈ മന്ത്രിസഭയില്‍ മുഹമ്മദ് റിയാസ് കഴിഞ്ഞാല്‍ താനാണ് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനെന്ന സന്ദേശം ഏവര്‍ക്കും നല്‍കുകയാണ് വാസവൻ. നവകേര സദസിന്റെ അവസാന ഘട്ടത്തിലാണ് പിണറായിയെ പുകഴ്‌ത്തി വിഎൻ വാസവൻ ദൈവത്തിന്റെ വരദാനം എന്ന പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ദൈവം കേരളത്തിനു നല്‍കിയ വരദാനമാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞിരുന്നു. കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും പിണറായിയെ തൊടാൻ സതീശനും സുധാകരനും കഴിയില്ലെന്നും കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന് രക്ഷാകവചം തീര്‍ക്കുമെന്നും വി.എൻ. വാസവൻ അഭിപ്രായപ്പെട്ടിരുന്നു.

ഈ പ്രതികരണത്തോടാണ് കരുതലോടെ സിപിഎം സെക്രട്ടറി പ്രതികരിച്ചത്. ഇതിനൊപ്പം ഈ പരാമര്‍ശത്തിന് വ്യക്തിപൂജയുടെ ധ്വനിയുണ്ടെന്ന് പറഞ്ഞു വയ്ക്കുകയും ചെയ്തു. വ്യക്തി പൂജ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാടല്ല. ഈ കാര്യത്തെ കുറിച്ചു വി.എൻ. വാസവൻ പറഞ്ഞതിനു ശേഷം താൻ പ്രതികരിക്കുമെന്നും അപ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പണ്ട് നെഹ്രു പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹം അമ്ബലം പണിയുമെന്ന് പറഞ്ഞു. എന്നാല്‍ ഭൗതികവാദിയായ അദ്ദേഹം എങ്ങനെ അമ്ബലം പണിയുമെന്ന ചോദ്യം പലരും ഉന്നയിച്ചു. എന്നാല്‍ താൻ ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പണിയുമെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഓരോ ആളുകള്‍ എങ്ങനെയാണ് അവര്‍ പറയുന്നതുകൊണ്ടുള്ള അര്‍ത്ഥം ഉദ്ദേശിക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അവര്‍ക്ക് മാത്രമേ അതു മനസിലാവുകയുള്ളുവെന്നും എം.വി ഗോവിന്ദൻ ചൂണ്ടികാട്ടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക