ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ 4 മണിക്കൂര്‍ പിന്നിടുമ്ബോള്‍ ബി ജെ പിക്ക് വമ്ബൻ മുന്നേറ്റമാണെന്നാണ് വ്യക്തമാകുന്നത്. മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ചയിലേക്ക് കുതിക്കുന്ന ബി ജെ പി രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കുന്ന വിജയത്തിലേക്കാണ് ബി ജെ പിയുടെ കുതിപ്പ്. ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം പ്രകാരം 157 സീറ്റിലാണ് ബി ജെ പിയുടെ ലീഡ് നില. കോണ്‍ഗ്രസാകട്ടെ കേവലം 69 സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടിയിട്ടുള്ളത്.

രാജസ്ഥാനിലും ഛത്തിസ്ഗഡിലും ഭരണവിരുദ്ധ വികാരമില്ലെന്നും അധികാരം നിലനിര്‍ത്തുമെന്നുമുള്ള കോണ്‍ഗ്രസിന്‍റെ അവകാശവാദങ്ങളടക്കം ഈ ഘട്ടത്തില്‍ കാറ്റില്‍ പറക്കുകയാണെന്ന് കാണാം. രാജസ്ഥാനില്‍ 100 സീറ്റും കടന്ന് 108 സീറ്റിലാണ് ബി ജെ പിയുടെ ലീഡ് നില കുതിക്കുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് 75 സീറ്റില്‍ മാത്രമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് അടക്കമുള്ളവര്‍ നിലവില്‍ പിന്നിലാണെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഛത്തീസ്ഗഡിലാകാട്ടെ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ അടക്കമുള്ളവരെ പിന്നിലാക്കിയാണ് ബി ജെ പിയുടെ കുതിപ്പ്. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ബി ജെ പിയുടെ ലീഡ് നില 50 കടന്നിട്ടുണ്ട്. നിലവില്‍ ബി ജെ പി 56 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 3 സംസ്ഥാനത്തും കേവല ഭൂരിപക്ഷം കടന്നിട്ടുണ്ട് ബി ജെ പിയുടെ ലീഡ് നില. സെമി ഫൈനലില്‍ മോദി മാജിക്കാണ് കണ്ടതെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്.

അതേസമയം തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പിക്കുന്ന മുന്നേറ്റം നടത്തുകയാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണെന്നാണ് വോട്ടെണ്ണലിന്‍റെ നാലാം മണിക്കൂറില്‍ കാണുന്നത്. ആദ്യം തന്നെ ലീഡ് നേടിയ കോണ്‍ഗ്രസ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്ബോള്‍ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 64 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് നേടിയിരിക്കുന്നത്. ബി ആര്‍ എസ് 42 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം തെലങ്കാന മുഖ്യമന്ത്രിയും ബി ആ‌ര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക