കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍, ഏറെ കൊട്ടിഘോഷിച്ച്‌ നടക്കുന്ന നവകേരള സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ പര്യടനം അവസാനിച്ചിട്ടും സിപിഎമ്മിന്റെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വിവാദം തുടരുന്നു. നവകേരള സദസില്‍ പങ്കെടുത്ത പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോനെ അധിക്ഷേപിച്ച്‌ സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ മകൻ ജൂലിയസ് നികിതാസ് ഇട്ട കമന്റാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

സിപിഎം ജില്ലാ കമ്മിറ്റിയംഗവും, മുതിര്‍ന്ന നേതാവുമായ കെ.ടി. കുഞ്ഞിക്കണ്ണൻ ഫേസ്‌ബുക്കില്‍ പങ്കുവച്ച പ്രഭാത യോഗത്തിന്റെ ചിത്രത്തിന് താഴെയാണ് അധിക്ഷേപ കമന്റ്. ഇന്ദുമേനോൻ സവര്‍ണ ജാതി ബോധമുള്ളയാളാണെന്നും യൂണിയൻകാരേയും സജീവ പ്രവര്‍ത്തകരെയും ഉപദ്രവിച്ചയാളാണെന്നും ജൂലിയസ് നികിതാസ് വിമര്‍ശിക്കുന്നു. എഴുത്തുകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശവും ഇതിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സവര്‍ണ്ണ അശ്ളീലം മോനോത്തി ഉണ്ടല്ലോ’ എന്നായിരുന്നു ജൂലിയസ് നികിതാസ് കമന്റ് ചെയ്തത്. ഇതിന് താഴെ, അശ്വിൻ പിണറായി എന്ന സൈബര്‍ സഖാവിന്റെ കമന്റ് ഇങ്ങനെ.- ‘ ഇന്ദു മോനോത്തിയല്ലേ, ഇവരെയൊക്കെ എന്തിനാണാവോ വിളിച്ച്‌ കയറ്റിയത്. അപ്പോ കാണുന്നവരെ അപ്പാന്ന് വിളിക്കുന്നവരാണ്. മഞ്ജു വാര്യരെപ്പോലെ”. ഈ കമന്റിന് ജൂലിയസ് നികിതാസ് ഇങ്ങനെ മറുപടി പറയുന്നു. ”ഒരുകാലത്തും ഇടതുസഹയാത്രികയല്ലാത്ത ഇവര്‍, മാനിപ്പുലേറ്റ് ചെയ്ത് അധികാരസ്ഥാനത്ത് കേറി ഇരുന്നത് മാത്രമല്ല, അവിടെ ഇരുന്ന് ഇവര്‍ ഉപദ്രവിച്ച യൂണിയൻകാരയെും, സജീവ പാര്‍ട്ടി പ്രവര്‍ത്തകരെയും അറിയാം.”

ഈ കമന്റുകള്‍ സോഷ്യല്‍ മീഡിയയിലും എതിരാളികള്‍ എടുത്തിടുകയാണ്. ഒരു പരിപാടിയിലേക്ക് ക്ഷണിച്ചുവരുത്തിയ അതിഥിയെക്കുറിച്ച്‌ ഇങ്ങനെ പറയണമെങ്കില്‍ എത്രമോശമാണ് സിപിഎം സൈബര്‍ സഖാക്കളുടെ മാനസികാവസ്ഥയെന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല ഇന്ദുമേനോൻ തീര്‍ത്തും നിഷ്പക്ഷമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാരിയാണ്.

പിണറായി സര്‍ക്കാറിനോടും ഇടതുപക്ഷത്തിനോടും പ്രശ്നാധിഷ്ഠിത നിലപാടാണ് അവര്‍ എടുക്കാറുള്ളത്്. എഴുത്തിലുടെ ഫാസിസത്തിനെതിരെ ഏറ്റവും ശക്തമായും അവര്‍ പ്രതികരിക്കാറുണ്ട്. ഇങ്ങനെയുള്ള ഒരു എഴുത്തുകാരിയെ, അതും ക്ഷണിച്ചുവരുത്തിയ ഗസ്റ്റിനെ ഈ രീതിയില്‍ അപമാനിക്കാമോ എന്ന ചോദ്യം ഇപ്പോള്‍ സിപിഎമ്മിന്റെ വാട്സാപ്പ് കൂട്ടായ്മകളിലും ഉയരുന്നുണ്ട്. ജൂലിയസ് നികിതാസിന്റെ അമ്മയും, മുൻ എംഎല്‍എയുമായ കെ കെ ലതികയാണ് ചിത്രത്തിന്റെ ഇന്ദുമോനോന്റെ അടുത്തിരിക്കുന്നത്.

നവകേരള സദസില്‍ സമൂഹത്തിലെ പ്രമുഖരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പങ്കെടുക്കുന്നത് വൻ വിജയമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമ്ബോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ മകൻ വ്യക്തി അധിക്ഷേപവുമായി രംഗത്തെത്തിയത് സിപിഎമ്മില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ രീതിയില്‍ സൈബര്‍ അധിക്ഷേപം നടത്തുന്നത്, അനാവശ്യമായി ശത്രുക്കളെ സൃഷ്ടിക്കുന്നതിന് തുല്യമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. വിവാദത്തില്‍ ഇന്ദുമേനോൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക