നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഒറ്റ ബസിൽ സഞ്ചരിക്കുന്നത് ചെലവ് കുറയ്ക്കാനാണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വാദം പൊളിയുന്നു. ‘നവകേരള ബസിനു പിന്നാലെ മിക്ക മന്ത്രിമാരുടെയും വാഹനങ്ങൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

നവകേരള സദസ്സുകളിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത ചെയ്യാൻ 1.05 കോടി രൂപ മുടക്കിയാണ് ആഡംബര ബസ് വാങ്ങിയത്. തലശേരിയിൽ മന്ത്രിസഭായോഗം നടന്നപ്പോൾ മന്ത്രിമാരുടെ കാറുകളും നിർത്തിയിട്ടിരുന്നു. എല്ലാ മന്ത്രിമാരുടെയും കാറുകൾ ബസിനൊപ്പം ഓരോയിടത്തും എത്തുന്നുണ്ട്. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകളാണു യാത്രക്കാരെന്നു മാത്രം. പഴ്സനൽ സ്റ്റാഫിനു സഞ്ചരിക്കാൻ വേറെ വഴിയില്ലെന്നും മന്ത്രിമാരുടെ സാധനങ്ങളെല്ലാം കാറിലാണുള്ളതെന്നുമാണു വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവകേരള ബസിനെ കൊലക്കേസ് പ്രതിയെ കാണുന്നതു പോലെ കാണേണ്ടതില്ലെന്നും പാവം ബസാണിതെന്നുമാണ് ആന്റണി രാജു പറഞ്ഞിരുന്നത്. “ഈ യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്കോർട്ട് വാഹനങ്ങളും ഉൾപ്പെടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒന്നര മാസത്തോളം സഞ്ചരിക്കുന്നതിനുള്ള ചെലവ് എത്രയായിരിക്കും? ഇതു കുറയ്ക്കാനാണ് ബസ് വാങ്ങിയത്. അതിൽ മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചയത്രയും ആഡംബരങ്ങളില്ല. പത്തെഴുപത്തഞ്ച് വാഹനങ്ങളിൽ പോകുന്ന മന്ത്രിമാർ ഒരു ബസിലേക്കു യാത്ര മാറ്റുമ്പോൾ ചെലവു കുറയുകയല്ലേ ചെയ്യുന്നത്?” എന്നായിരുന്നു ആന്റണി രാജുവിന്റെ വാക്കുകൾ.

മന്ത്രിമാരുടെ ഔദ്യോഗിക കാറുകളും നമ്പർ പ്ലേറ്റ് മറച്ചുവച്ച് നവകേരള ബസിനൊപ്പം യാത്ര ചെയ്യുമ്പോൾ ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കാനെന്നു ഗതാഗതമന്ത്രി അവകാശപ്പെട്ടത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യത്തിന് ഉത്തരമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക