കടങ്ങോട് പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന സാധാരണക്കാരെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുന്നതായി പരാതി. ഏഴുമാസം മുമ്ബ് അപേക്ഷ സമര്‍പ്പിച്ചിട്ടും വിവാഹ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ ദമ്ബതികളും ബന്ധുക്കളും പഞ്ചായത്ത് ഓഫിലെത്തി പ്രതിഷേധിച്ചു. വെള്ളറക്കാട് മാളിയേക്കല്‍ വീട്ടില്‍ മിസിരിയയും കോട്ടോല്‍ നാലകത്ത് അബ്ദുല്‍ ഖാദറുമാണ് വിവാഹ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റിനായി ഏഴു മാസത്തോളമായി പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുന്നത്.

ഇവരുടേത് പുനര്‍ വിവാഹമായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇവര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയത്. ഹജ്ജ് നിര്‍വഹിക്കുന്നതിനായി പാസ്പോര്‍ട്ട് എടുക്കുന്നതിനാണ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്. ഫയല്‍ കാണാനില്ലെന്നും അപേക്ഷയും രേഖകളും വീണ്ടും സമര്‍പ്പിക്കണമെന്നും അധികൃതര്‍ പലതവണ ആവശ്യപ്പെട്ടതായും ആറുതവണ ഇത്തരത്തില്‍ രേഖകള്‍ സമര്‍പ്പിച്ചതായും പറയുന്നു. തുടര്‍ന്നാണ് ഇവര്‍ അടുത്ത ബന്ധുകൂടിയായ പൊതുപ്രവര്‍ത്തകൻ എം.എച്ച്‌. നൗഷാദുമായി കഴിഞ്ഞ ദിവസം പഞ്ചായത്തിലെത്തിയത്. പതിവ് പല്ലവി ആവര്‍ത്തിച്ചതോടെ ജീവനക്കാരും ഇവരും തമ്മില്‍ വാക്കേറ്റം നടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു താല്‍ക്കാലിക ജീവനക്കാരൻ മൊബൈല്‍ ഫോണില്‍ ഇവരുടെ വിഡിയോ എടുക്കാൻ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് മീന സാജനും വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമനും സെക്രട്ടറിയുമായി ചര്‍ച്ച നടത്തി ഒരാഴ്ചക്കുള്ളില്‍ ദമ്ബതികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പഞ്ചായത്തില്‍ കുറച്ചു കാലമായുള്ള ജീവനക്കാരുടെ കുറവ് വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്ന ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക