ലോകരാജ്യങ്ങളുടെ ഇടയില്‍ രഹസ്യം ചോര്‍ത്തുന്നതില്‍ വിദഗ്ധരെന്ന് പുകള്‍പെറ്റ ഇസ്രയേല്‍ സേനയ്ക്ക് ശനിയാഴ്ച പിഴവിന്റെ നാളായി.എല്ലാ പ്രതിരോധങ്ങളും മറികടന്നാണ് കരമാര്‍ഗവും കടല്‍മാര്‍ഗവും ഹമാസ് സേന ഇസ്രയേലിലേക്ക് ഇരച്ചുകയറിയത്. അത് മുൻകൂട്ടി അറിയുന്നതില്‍ സാരമായ വീഴ്ച ഇസ്രയേലിന്റെ രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്ക് സംഭവിച്ചു. അതീവസുരക്ഷ ഉറപ്പാക്കുന്ന കമ്ബിവേലികള്‍ ഏറെ മുന്പുതന്നെ ഇസ്രയേല്‍ ഗാസ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്നു. പഴുതുകളില്ലാതെ ആഴത്തില്‍ ഉറപ്പിച്ച ഈ കമ്ബിവേലികളില്‍ സൂക്ഷ്മനിരീക്ഷണത്തിനായി ക്യാമറകളും സ്ഥാപിച്ചിരുന്നു.

എന്നാല്‍, ബുള്‍ഡോസര്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌ വേലികള്‍ നിഷ്പ്രയാസം തകര്‍ത്താണ് ഹമാസ് അക്രമം അഴിച്ചുവിട്ടത്. അതിര്‍ത്തികടന്ന് മുന്നേറാൻ ഹമാസ് ബൈക്കുകളും എസ്.യു.വി.കളും പാരാഗ്ളൈഡറുകളും ഉപയോഗിച്ചു. വിദൂരത്തുനിന്നുള്ള ചലനങ്ങള്‍ മുൻകൂട്ടി അറിയാൻ സാധിക്കുന്ന സെൻസറുകളെയും കൂരിരുട്ടിലെ ചലനങ്ങള്‍ ഒപ്പിയെടുക്കാൻ ശേഷിയുള്ള ക്യാമറക്കണ്ണുകളെയും നിഷ്പ്രഭമാക്കിയായിരുന്നു ഹമാസിന്റെ അപ്രതീക്ഷിതമുന്നേറ്റം. ഇതില്‍ എവിടെയാണ് ഇസ്രയേലിന് പിഴച്ചതെന്നതിനെക്കുറിച്ച്‌ വ്യക്തത വന്നിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇസ്രയേലില്‍ കൊല്ലപ്പെട്ടത് 300 പേര്‍: പശ്ചിമേഷ്യയെ അസ്വസ്ഥമാക്കി വീണ്ടും ഇസ്രയേല്‍-ഹമാസ് യുദ്ധം. ഗാസയില്‍ അധികാരം കൈയാളുന്ന പലസ്തീൻ അനുകൂല സായുധസംഘമായ ഹമാസ്, ശനിയാഴ്ച ഇസ്രയേലില്‍ കടന്നുകയറി നടത്തിയ ആക്രമണങ്ങളില്‍ 300 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 1500 പേര്‍ക്ക് പരിക്കേറ്റു. ഹമാസിനുനേരെ യുദ്ധം പ്രഖ്യാപിച്ച്‌ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 232 പേരും മരിച്ചു. 1790 പേര്‍ക്ക് പരിക്കേറ്റു.

കൃത്യമായ പദ്ധതികളൊരുക്കിയാണ് ശനിയാഴ്ച രാവിലെ ആറരയോടെ ഹമാസ് ഇസ്രയേലിന്റെ കനത്ത പ്രതിരോധസംവിധാനങ്ങള്‍ മറികടന്നത്. കര, കടല്‍, ആകാശമാര്‍ഗങ്ങളിലൂടെ മോട്ടോര്‍ബൈക്കുകളും പിക്കപ്പുകളും പാരാഗ്ലൈഡുകളും ഉപയോഗിച്ചായിരുന്നു നുഴഞ്ഞുകയറ്റം. കരാതിര്‍ത്തിയിലെ ഇസ്രയേലിന്റെ സുരക്ഷാവേലികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ ഹമാസ് തകര്‍ത്തു. അകത്തുകടന്ന് കണ്ണില്‍ക്കണ്ടവരെയെല്ലാം ആക്രമിച്ചു. ഇസ്രയേലിന്റെ ആയുധങ്ങള്‍ പിടിച്ചു. 35 സൈനികരെയും ഒട്ടേറെ പൗരരെയും തടവിലാക്കി. ഇതിനുപുറമേ ഗാസാമുനമ്ബില്‍നിന്ന് ആയിരക്കണക്കിന് റോക്കറ്റുകളും ഇസ്രയേലില്‍ പതിച്ചു. ഇസ്രയേലിനുനേരെ സൈനികനീക്കം ആരംഭിച്ചതായി പ്രഖ്യാപിച്ചായിരുന്നു ഹമാസിന്റെ സായുധനീക്കങ്ങള്‍.

റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെയാണ് പശ്ചിമേഷ്യയിലും യുദ്ധം ഉടലെടുക്കുന്നത്. തുടര്‍ന്ന്, ഹമാസിനുനേരെ ഇസ്രയേല്‍ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. ഇതോടെ ടെല്‍അവീവിലും മധ്യ ഇസ്രയേലിലും സൈറണുകള്‍ മുഴങ്ങി. എത്രയുംപെട്ടെന്ന് അക്രമികളെ തുരത്താൻ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടു. രാജ്യം യുദ്ധമുഖത്താണെന്നും ഹമാസിന് തിരിച്ചടിനല്‍കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കരുതല്‍സേനാംഗങ്ങളെ തിരിച്ചുവിളിക്കാനും ഉത്തരവിട്ടു.

അപലപിച്ച്‌ പാശ്ചാത്യരാജ്യങ്ങളും ഇന്ത്യയും: ഇസ്രയേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ പാശ്ചാത്യരാജ്യങ്ങള്‍ അപലപിച്ചു. ആക്രമണങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിക്കണം. ഭീകരവാദംകൊണ്ട് ഒന്നും നേടാനില്ലെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയമേധാവി ജൊസംപ് ബൊറെല്‍ പറഞ്ഞു. ഹമാസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ഫ്രാൻസും ജര്‍മനിയും ഭീകരാക്രമണങ്ങള്‍ക്കെതിരേയുള്ള ചെറുത്തുനില്‍പ്പിന് ഇസ്രയേലിനും ജനതയ്ക്കും പിന്തുണ പ്രഖ്യാപിച്ചു. മാരക ആക്രമണത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്ന് ഇറ്റലി അറിയിച്ചു.ബ്രിട്ടൻ, സ്പെയിൻ, നെതര്‍ലൻഡ്സ്, യുക്രൈൻ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തെത്തി. പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നിലയുറപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹിക മാധ്യമമായ ‘എക്സി’ല്‍ കുറിച്ചു. ഇന്ത്യയുടെ ചിന്തകളും പ്രാര്‍ഥനകളും ഇസ്രയേലിലെ നിഷ്കളങ്കരായ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പമാണെന്ന് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക