കൊടുമ്ബ് കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിട്ടസംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. സ്ഥലം ഉടമ ആനന്ദകുമാറി(53)നെയായാണ് കസ്റ്റഡിയിലെടുത്തതെന്നും ഇന്നുതന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുയുവാക്കളും ഷോക്കേറ്റ് മരിച്ചതാണെന്നാണ് ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷമുള്ള പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

സുഹൃത്തുക്കളായ കൊട്ടേക്കാട് തെക്കേക്കുന്നം കാരോക്കോട്ടുപുര ഷിജിത്ത്(22) പുതുശ്ശേരി കാളാണ്ടിത്തറ സതീഷ്(22) എന്നിവരുടെ മൃതദേഹങ്ങളാണ് കരിങ്കരപ്പുള്ളിയിലെ വയലില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ആര്‍.ഡി.ഒ, ഫൊറൻസിക് സര്‍ജൻ, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തു. തുടര്‍ന്നാണ് മരിച്ചത് ഇരുവരും തന്നെയാണ് സ്ഥിരീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വസ്ത്രങ്ങളില്ലാതെ ഒന്നിനുമുകളില്‍ ഒന്നായി കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹങ്ങള്‍. 70 സെന്റിമീറ്റര്‍ ആഴത്തില്‍ മാത്രമാണ് പ്രതി കുഴിയെടുത്തിരുന്നത്. മൃതദേഹങ്ങള്‍ വീര്‍ത്തുവരാതിരിക്കാൻ വയര്‍ഭാഗം കീറിയശേഷമാണ് കുഴിച്ചിട്ടതെന്നും പോലീസ് പറഞ്ഞു. വയലില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന സംശയത്തെത്തുടര്‍ന്ന് സ്ഥലംഉടമയായ ആനന്ദകുമാറിനെ ചൊവ്വാഴ്ച തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ആദ്യഘട്ടത്തില്‍ ഇയാള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്. വിശദമായ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.

വയലില്‍ കാട്ടുപന്നികള്‍ക്കായി വൈദ്യുതക്കെണി സ്ഥാപിച്ചിരുന്നതായും ഇതില്‍നിന്ന് ഷോക്കേറ്റാണ് രണ്ടുയുവാക്കളും മരിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി. തിങ്കളാഴ്ച രാവിലെ വൈദ്യുതക്കെണി പരിശോധിക്കാനായി എത്തിയപ്പോഴാണ് രണ്ടുപേര്‍ മരിച്ചുകിടക്കുന്നത് കണ്ടത്. ഇതോടെ ഭയന്നുപോയ താൻ കുഴിയെടുത്ത് മൃതദേഹങ്ങള്‍ മറവുചെയ്തെന്നും പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്നായിരുന്നു ജില്ലാ പോലീസ് മേധാവിയുടെ പ്രതികരണം.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.50-ഓടെയാണ് മരിച്ച യുവാക്കളും ഇവരുടെ കൂടെയുണ്ടായിരുന്നവരും സംഭവസ്ഥലത്തേക്ക് എത്തിയത് എന്ന് മനസിലായി. പിന്നീട് മരിച്ചരണ്ടുപേരും മറ്റുള്ളവരും രണ്ടായിതിരിഞ്ഞ് രണ്ടിടത്തേക്ക് പോയെന്നാണ് കരുതുന്നത്. സ്ഥലം ഉടമയായ ആനന്ദകുമാര്‍ തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് രണ്ടുപേര്‍ മരിച്ചുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് പ്രതി കുഴിയെടുത്ത് മൃതദേഹങ്ങള്‍ മറവുചെയ്തത്. വെറും 70 സെന്റിമീറ്റര്‍ ആഴത്തില്‍ മാത്രമായിരുന്നു കുഴി. മൃതദേഹം വീര്‍ത്തുവരാതിരിക്കാൻ വയര്‍ഭാഗം കീറിയനിലയിലായിരുന്നു. കൃത്യം നടത്തിയശേഷം പ്രതി ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതക്കെണി മറ്റൊരിടത്ത് ഉപേക്ഷിച്ചതായും ജില്ലാ പോലീസ് മേധാവി വിശദീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക