
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം യുവാവ് ഭാര്യയുടെ വിവാഹ സാരിയില്‍ തൂങ്ങിമരിച്ചു. തമിഴ്‌നാട് റാണിപ്പേട്ട് സ്വദേശി ശരവണൻ (27) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്ബാണ് ശരവണനും ചെങ്കല്‍പേട്ട് സ്വദേശിയായ ശ്വേത (21)യും തമ്മിലുള്ള വിവാഹം നടന്നത്.
പുലര്‍ച്ചെ ശ്വേതയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മുറിയില്‍ നിന്ന് ഓടി പുറത്തിറങ്ങിയ ശ്വേത ബോധരഹിതയായി വീണു. തുടര്‍ന്ന് മാതാപിതാക്കള്‍ മുറിക്കുള്ളില്‍ നോക്കിയപ്പോഴാണ് ശരവണനെ വിവാഹ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചെങ്കല്‍പേട്ട് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ശരവണനും ശ്വേതയും കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരും ചേര്‍ന്ന് ആഡംബരമായാണ് വിവാഹം നടത്തിയത്. ഇന്നലെ രാത്രി ശ്വേതയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച ശരവണൻ ഹണിമൂണിന് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളെ പറ്റിയും പറഞ്ഞിരുന്നു. ശരവണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.