സ്വന്തം ലേഖകൻ

കോട്ടയം: ഗാന്ധിനഗറിൽ ഗുണ്ടാ സംഘാംഗമായ യുവാവിന്റെ വീട് ആക്രമിച്ച അലോട്ടിയുടെ ഗുണ്ടാ സംഘാംഗങ്ങളായ അഞ്ചു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് വിൽപ്പനക്കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ – കഞ്ചാവ് മാഫിയ സംഘത്തലവൻ അലോട്ടിയുടെ സംഘാംഗങ്ങളായ ആർപ്പൂക്കര വില്ലൂന്നി കോലേട്ടമ്പലം കൊച്ചുപറമ്പിൽ കെ.എം അരുൺമോൻ(22), തൊണ്ണംകുഴി ആനക്കുഴിയിൽ അജിത് (21), ചിലമ്പട്ടുശേരി വീട്ടിൽ ആൽബിൻ ചാക്കോ (19), ചിലമ്പട്ടുശേരി റൊണാൾഡോ (ടുട്ടു – 18), അയ്മനം കുടമാളൂർ പുളിംചുവട് ഫിറോസ് മൻസിലിൽ ഹാരിസ് (22) എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.സിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസപ്ദമായ സംഭവം. ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്‌ക്കെതിരെ ആർപ്പൂക്കര സ്വദേശിയായ എബി ജോർജ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അലോട്ടിയെ വെല്ലുവിളിച്ചായിരുന്നു എബിയുടെ പോസ്റ്റ്. ഇതേ തുടർന്നു എബിയുടെ സംഘവും, അലോട്ടിയുടെ സംഘാംഗമായ ജീമോനും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് ആർപ്പൂക്കര കുരിശിങ്കൽ എബി ജോർജ് (34) , കുമ്മനത്തിൽ ബിബിൻ വർഗീസ് (34) , ഏറ്റുമാനൂർ തവളക്കുഴി ചുക്കനാലിൽ ജഗൻ ഫിലിപ്പ് ( 39) എന്നിവരെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു.

എബി അലോട്ടിയെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന്റെ വൈരാഗ്യത്തിന് അലോട്ടിയുടെ ഗുണ്ടാ സംഘാംഗമായ റൊണാൾഡോയുടെ നേതൃത്വത്തിലുള്ള സംഘം എബിയുടെ ആർപ്പൂക്കരയിലെ വീട് അടിച്ച് തകർക്കുകയായിരുന്നു. പെട്രോൾ ബോംബും കമ്പിവടിയും അടക്കമുള്ളവയുമായി എത്തിയാണ് ഗുണ്ടാ സംഘം ആക്രമണം നടത്തിയത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശത്തെ തുടർന്നാണ് ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എസ്.ഐ കെ.കെ പ്രശോഭ്, എസ്.ഐ സജി എം.പി, എ.എസ്.ഐ പി.വി മനോജ്, സി.പി.ഒമാരായ രാകേഷ്, പ്രവീൺ, പ്രവീണോ എന്നിവർ ചേർന്നാണ് ആർപ്പൂക്കരയിലെ ഒളിത്താവളത്തിൽ നിന്നും പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പൊലീസ് കസ്റ്റഡിയിൽ നിന്നും അലോട്ടിയെ രക്ഷപെടുത്തുന്നതിനായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസത്തു വച്ച് പൊലീസുകാരെ ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന റൊണാൾഡോ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക