കാര്‍ യാത്രക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നടക്കാവ് എസ്‌ഐക്കെതിരെ കേസെടുത്തു. നടക്കാവ് എസ് ഐ വിനോദിനെതിരെയാണ് കേസെടുത്തത്. ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും കുട്ടികളും സ്ത്രീകളുമടങ്ങുന്ന കുടുംബത്തെ മര്‍ദ്ദിക്കുകയുമായിരുന്നു. വിനോദ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.

കോഴിക്കോട് നടക്കാവ് എസ്‌ഐയും സഹോദരനും യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചതായിട്ടാണ് യുവതി പരാതി നല്‍കിയത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരമര്‍ദ്ദനത്തില്‍ കലാശിച്ചത്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോഴിക്കോട് കൊളത്തൂര്‍ ചീക്കിലോടില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

3 സ്ത്രീകളും 4 കുട്ടികളുമുള്‍പെടെയുളള സംഘത്തോട് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ രണ്ട് യുവാക്കള്‍ തര്‍ക്കിക്കുകയായിരുന്നെന്നാണ് പരാതി. ശേഷം ഇവര്‍ എസ്‌ഐ വിനോദിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. അസഭ്യം പറഞ്ഞ എസ്‌ഐ പിന്നീട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് യുവതിയുടെ ആരോപണം.

ബന്ധുവിന്റെ വിവാഹപാര്‍ട്ടിയുമായി ബന്ധപ്പെട്ടെത്തിയതാണ് എസ്‌ഐ ഉള്‍പ്പെട്ട സംഘമെന്നും ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. കാക്കൂര്‍ പൊലീസില്‍ യുവതി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സംബന്ധിച്ച്‌ എസ്‌ഐയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക