കല്‍പ്പറ്റ: വിദ്യാര്‍ത്ഥിനികള്‍ നാട്ടുകാരുടെ സദാചാര പോലീസിംഗിന് ഇരയായ സംഭവത്തില്‍ പെണ്‍കുട്ടികളെ സസ്‌പെന്റ് ചെയ്ത വയനാട്ടിലെ കോളേജിന്റെ നടപടി വിവാദത്തില്‍. അവധി ദിവസം കൂടെ പഠിക്കുന്ന ആണ്‍കുട്ടികളുമായി പുറത്ത് ട്രിപ്പുപോകുകയും മദ്യപിക്കുന്നതായി സംശയിച്ച്‌ പ്രദേശവാസികള്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കോളേജിന് മോശം പേരിന് കാരണമായെന്ന് ആരോപിച്ച്‌ അഞ്ചു പെണ്‍കുട്ടികളെയാണ് കോളേജ് സസ്‌പെന്റ് ചെയ്തത്. ജില്ലയിലെ ഒരു മാനേജ്‌മെന്റ് കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍. കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന ഇവര്‍ കോളേജിന് സമീപത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഞായറാഴ്ച നടത്തിയ യാത്രയാണ് വിവാദമായത്. കൂടെയുള്ളവര്‍ക്കൊപ്പം മദ്യപിക്കുന്നതും പ്രദേശവാസികളായ ചിലര്‍ ഇത് ചോദ്യം ചെയ്യുന്നതും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. സ്ഥലത്ത് ഉണ്ടായിരുന്ന ഒരാള്‍ എടുത്ത വീഡിയോ പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കോളേജ് അധികൃതര്‍ കോളേജിന്റെ സല്‍പ്പേര് തകര്‍ത്തു എന്നാരോപിച്ച്‌ ഉടന്‍ തന്നെ അച്ചടക്ക നടപടിയെടുക്കുകയായിരുന്നു. വെറും അഞ്ചു പെണ്‍കുട്ടികളുടെ നടപടി കൊണ്ട് ഇവിടെ പഠിക്കുന്ന 1,500 കുട്ടികളുടെ സല്‍പ്പേരാണ് നശിച്ചതെന്ന് പറഞ്ഞായിരുന്നു നടപടി. ഇത്തരം വിദ്യാര്‍ത്ഥികളെ സഹിക്കാന്‍ കഴിയില്ലെന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തെന്നുമാണ് കോളേജിന്റെ നിലപാട്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ പോലീസിനും വിവരം കിട്ടിയിട്ടുണ്ട്. മയക്കുമരുന്ന് സംഘവുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ബുധനാഴ്ച കോളേജ് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കിയതിന് പിന്നാലെ കോളേജ് ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടികളെ പുറത്താക്കി. അതേസമയം കോളേജിനെതിരേ സാമൂഹ്യപ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. അവധി ദിവസത്തില്‍ കോളേജ് ക്യാംപസിന് പുറത്ത് മദ്യപിച്ചതിന് കുട്ടികളെ സസ്‌പെന്റ് ചെയ്തത് ഞെട്ടിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.

ഇവര്‍ക്കൊപ്പം മറ്റുകുട്ടികളും മദ്യപിച്ചതായി തെളിഞ്ഞിരിക്കെ പെണ്‍കുട്ടികള്‍ക്കെതിരേ മാത്രം എടുത്ത അച്ചടക്ക നടപടി ലിംഗപരമാണെന്നാണ് ആക്ഷേപം. സല്‍പ്പേര് നഷ്ടമായെന്ന് കോളേജിന് തോന്നുന്നെങ്കില്‍ അവര്‍ ആദ്യം നടപടിയെടുക്കേണ്ടത് സദാചാര പോലീസിംഗ് നടത്തിയ നാട്ടുകാര്‍ക്ക് എതിരേയാണെന്നും വീഡിയോ ചിത്രകരിക്കുകയും അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ കോളേജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു വേണ്ടതെന്നും ഇവര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക